കാസർകോട് : കാസർകോട് റെയിൽവെ സ്‌റ്റേഷനിൽ പാർക്കിംഗ് ഫീസിൻ്റെ പേരിൽ വാഹന ഉടമകളെ കൊള്ളയടിക്കുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ റയിൽവെ അധികൃതരെ അറിയിച്ചു. അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നു സതേൺ റെയിൽവെ സീനിയർ ഡിവിഷൻ കോമേഴ്സ്യൽ മാനേജർക്കും , പാലക്കാട് ഡിവിഷൻ റെയിൽവേ . മാനേജർക്കും , സതേൺ റെയിൽവെ മാനേജർക്കും അയച്ച ഇ മെയിൽ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വാഹന പാർക്കിംഗിന് യാതെരു വിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്ത കാസർകോട് റെയിൽവെ സ്‌റ്റേഷനിൽ കാർപാർക്കിംഗിന് 200 രൂപയാണ് ഫീസായി ഈടാക്കുന്നതെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിൽ 6 മണിക്കൂർ പാർക്കിംഗിന് 60 രൂപയും 12 മണിക്കൂർ പാർക്കിംഗിന് 100 രൂപയും 24 മണിക്കൂർ പാർക്കിംഗിന് 200 രൂപയുമാണ് ഫീസായി ഈടാക്കുന്നത്.
പ്രീമിയം പാർക്കിംഗ് എന്ന പേരിലാണ് കാസർകോട്ട് അമിത പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.
പ്രീമിയം പാർക്കിംഗിന് സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കുകയും
ഏജൻസി ഇൻഷുറൻസ് ചെയ്യുകയും വേണം..സി.സി. ടിവി ക്യാമറ സ്ഥാപിക്കുകയും
വാഹനങ്ങൾക്ക് കേട് പാട് സംഭവിക്കാതിരിക്കാനുള്ള സുരക്ഷ ഒരുക്കുകയും
ഒരോ വാഹനത്തിനും പൊടിപടലങ്ങൾ ഏൽക്കാതിരിക്കാൻ പ്രത്യേകം ടെൻ്റുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ
ഇതൊന്നും ഒരുക്കാതെയാണ് കാസർകോട് റെയിവെ സ്റ്റേഷൻ ലൈസൻസി അമിതമായ പാർക്കിംഗ് ഫീസ് ഈടക്കുന്നതെന്നു പരാതിയിൽ പറഞ്ഞു.
മറ്റു റെയിൽവെ സ്‌റ്റേഷനുകളിൽ പാർക്കിംഗിന് സാധാരണ ഫീസ് ഈടാക്കുമ്പോൾ കാസർകോട് റെയിൽവെ സ്റ്റേഷനിൽ മാത്രം അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും എ.അബ്ദുൽ റഹ്‌മാൻ പരാതിയിൽ പറഞ്ഞു.






