കാസര്‍കോട്: ട്രെയില്‍ യാത്രാ മധ്യേ കാണാതായ മൂക- ബധിര യുവതി മലപ്പുറം, കൊണ്ടോട്ടി സ്വദേശിയും മൂകനും ബധിരനുമായ യുവാവുമായി വിവാഹിതയായി. ഇരുവരും ഇന്നു വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.
പരപ്പ, പന്നിത്തടത്തെ 20 കാരിയെ ബുധനാഴ്ച വൈകുന്നേരമാണ് കാണാതായത്. ബധിര- മൂകയായ യുവതി തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ്. പഠന സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു യുവതി. മാതാപിതാക്കള്‍ക്കൊപ്പം നീലേശ്വരത്തെത്തിയാണ് യുവതി ട്രെയിനില്‍ യാത്രയായത്. മണിക്കൂറുകള്‍ കഴിഞ്ഞതോടെ കൊണ്ടോട്ടിയില്‍ നിന്നു ഒരു ഫോണ്‍ കോള്‍ എത്തിയതോടെയാണ് യുവതിയെ കാണുന്നില്ലെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞത്. മകളും തന്റെ 27 വയസ്സുള്ള ബധിരനും മൂകനുമായ മകനും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നാണ് ഫോണ്‍ വിളിച്ച വിജയന്‍ എന്നയാള്‍ യുവതിയുടെ പിതാവിനോട് പറഞ്ഞത്.
ഇതേ തുടര്‍ന്ന് യുവതിയുടെ പിതാവ് വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കി. ഉടന്‍ കേസെടുക്കുകയും ചെയ്തു. തൊട്ടു പിന്നാലെയാണ് യുവതിയും തന്റെ മകനും തമ്മില്‍ വിവാഹിതരായെന്ന വിവരം വിജയന്‍ എന്നയാള്‍ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് അറിയിച്ചത്. വ്യാഴാഴ്ച തന്നെ ഹാജരാകാമെന്നായിരുന്നു ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതെന്നു പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഹാജരായാല്‍ മതിയെന്നാണ് പൊലീസ് നല്‍കിയ ഉപദേശം. ഇതുപ്രകാരം നവവധു- വരന്മാര്‍ വെള്ളിയാഴ്ച വെള്ളരിക്കുണ്ടില്‍ എത്തും. യുവതി പഠിക്കുന്ന സ്ഥാപനത്തിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊണ്ടോട്ടി സ്വദേശി. ഈ സമയത്താണ് ഇരുവരും പരിചയത്തിലും പിന്നീട് പ്രണയത്തിലുമായതത്രെ.






