കാസര്‍കോട്: നീറ്റ് പുനഃപരീക്ഷക്കുള്ള പരീശീലനത്തിന് ഇടയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, മുക്കൂടിലെ മഹേഷിന്റെ മകള്‍ ഐജ.ആര്‍ മഹേഷ് (19) ആണ് മരിച്ചത്. മത്സര പരീക്ഷക്കുള്ള പരിശീലനത്തിനായി പാലായിലെ ഒരു കോച്ചിംഗ് സ്ഥാപനത്തിലെത്തിയതായിരുന്നു ഐജ. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ഇതിനിടയില്‍ ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ താഴെയിറക്കി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ (ബുധന്‍) ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
സംഭവത്തില്‍ കിടങ്ങൂര്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ഇന്ന് (വ്യാഴം) രാവിലെ മുക്കൂട്ടിലെ വീട്ടിലെത്തിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷാഫലം റദ്ദാക്കിയിരുന്നു. ജൂണ്‍ 21ന് നടക്കുന്ന പുനഃപരീക്ഷക്കുള്ള പരിശീലനത്തിനാണ് ഐജ പരിശീലന കേന്ദ്രത്തിലെത്തിയത്. കടുത്ത മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു. രാധികയാണ് ഐജയുടെ മാതാവ്. ഏക സഹോദരന്‍ അര്‍ജുന്‍ മഹേഷ് ഗള്‍ഫിലാണ്.






