ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ 14 കാരിയെ കാറില്‍ കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കി പീഡിപ്പിച്ചതായി പരാതി. പീഡനത്തിനുശേഷം പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്നിരുന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് പെണ്‍കുട്ടി.
സംഭവത്തില്‍ കാര്‍ ഡ്രൈവറായ ശിവകാശി സ്വദേശി മാരി ശെല്‍വത്തിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് തിരുച്ചിറപ്പള്ളിയില്‍ ഒരു ഓട്ടവുമായെത്തിയതാണ് മാരി ശെല്‍വം . തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റുകയും മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കാറില്‍ ഡ്രൈവറെ കൂടാതെ മറ്റ് ആളുകളും ഉണ്ടായിരുന്നുവെന്നും അവര്‍ തന്നെ ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായി പറയുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.







