ഇന്നത്തെ പ്രധാന വാർത്തകൾ

​ലെബനനിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്രായേൽ ഇനി സൈനിക നീക്കം നടത്തില്ലെന്നും, ഹിസ്ബുള്ള ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തുമെന്നുമാണ് ധാരണ. എങ്കിലും തെക്കൻ ലെബനനിൽ ഇപ്പോഴും ചെറിയ തോതിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായാണ് റിപ്പോർട്ട്.

​ ​യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി വർദ്ധിച്ചതായി സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ധന-ഊർജ്ജ വിലയിലുണ്ടായ വർദ്ധനവും സർവീസ് മേഖലയിലെ ചിലവുകളുമാണ് ഇതിന് കാരണം.

​മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനു അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ അതിവേഗം മുന്നോട്ട് പോകുന്നതായി യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇസ്രായേൽ ലെബനനിൽ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ചർച്ചകളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ ഇറാൻ ആലോചിച്ചിരുന്നെങ്കിലും, നിലവിൽ ടെഹ്‌റാനിൽ ചർച്ചകൾ തുടരുകയാണെന്നാണ് വിവരം.

ലഹരിമാഫിയക്കെതിരെയുള്ള കേരള സർക്കാർ നടപടികളുടെ ഭാഗമായി കൊച്ചി ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജരടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

​ കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് രാവിലെ 6 മുതൽ രാത്രി 8 മണി വരെ താൽക്കാലിക വിലക്കേർപ്പെടുത്തി.

​ എഴുത്തുകാരി കെ.ആർ. മീരയുടെ ‘കലാച്ചി’ എന്ന കൃതി കോപ്പിയടിയാണെന്ന വാദങ്ങൾ തള്ളി അവർ രംഗത്തെത്തി. ഇത്തരം സത്യസന്ധതയില്ലാത്ത ആരോപണങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് മീര വ്യക്തമാക്കി.

​ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു.

​ ഇന്ത്യൻ വ്യോമസേന ആകാശത്തുനിന്ന് കരയിലേക്ക് പായിക്കാവുന്ന അത്യാധുനിക ‘രുദ്രം 2’ മിസൈലിന്റെ പരീക്ഷണം വൻ വിജയകരമായി പൂർത്തിയാക്കി.

​യുപിയിൽ വ്യാജ ആൾദൈവം അറസ്റ്റിൽ: പ്രസാദത്തിൽ ലഹരിമരുന്ന് കലർത്തി നൽകി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ ആൾദൈവം അഭിഷേക് മിശ്ര ഉത്തർപ്രദേശിലെ മഥുരയിൽ അറസ്റ്റിലായി.

​ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു: സോഷ്യൽ മീഡിയയിലെ തർക്കങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മലയാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

​ പരീക്ഷാ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര സർക്കാർ സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും ചുമതലകളിൽ നിന്ന് നീക്കി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ സിബിഎസ്ഇ ചെയർമാനായും, വരുൺ ഭരദ്വാജിനെ പുതിയ സെക്രട്ടറിയായും
നിയമിച്ചു.

​കർണാടകയിൽ ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
​ മന്ത്രിസഭയിൽ രണ്ട് മലയാളികൾ ഉണ്ടാവുമെന്നു റിപ്പോർട്ടുകളുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു.

​നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്
പിളർപ്പിനുള്ള സാധ്യത ശക്തമാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളും ഇന്ധന വിലക്കയറ്റവും കേരള നിയമസഭയിൽ കനത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. ഇന്ധന നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

​ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ: നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഇവർ.

കേരളത്തിന്റെ ഈ വർഷത്തെ പുതുക്കിയ ബജറ്റ് ജൂൺ 19-ന് അവതരിപ്പിക്കും.

കേരളത്തിൽ ജൂൺ 4- വോടെ കനത്ത കാലവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ഒറ്റമഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിലായ സാഹചര്യത്തിൽ 3 മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചു.

നടി അൻസിബ ഹസൻ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനെതിരെ രണ്ടാമതും പരാതി നൽകിയതോടെ സിനിമാ മേഖലയിലെ തർക്കം കൂടുതൽ രൂക്ഷമായി. ടിനി ടോമിനെതിരെയും അൻസിബ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

​മഴയത്തെ ടാറിങ് – വ്യാപക പ്രതിഷേധം: ഹൊസ്ദുർഗ് – പാണത്തൂർ സംസ്ഥാന പാത നവീകരണത്തിന്റെ അവസാന ഘട്ടത്തിൽ, കനത്ത മഴയത്തും കരാർ കമ്പനി തിടുക്കപ്പെട്ട് മെക്കാഡം ടാറിങ് നടത്തിയതിനെതിരെ മലനാട് വികസന സമിതി കെആർഎഫ്ബി അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നൽകി.
വീണ്ടും ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാനദണ്ഡങ്ങൾ ലംഘിച്ച് എക്സൈസ് വകുപ്പിൽ വ്യാപകമായ സ്ഥലംമാറ്റങ്ങൾ നടക്കുന്നതായി സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു. ഗുരുതരമായ ഹൃദ്രോഗമുള്ള ജീവനക്കാരെയും വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരെയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

​ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചിറ്റാരിക്കാൽ സ്വദേശികളായ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page