ദേശീയ പാത നിർമ്മാണം: സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക് നിർദ്ദേശം

കാസർകോട്: ദേശീയ പാതയിലെ മണ്ണിടിച്ചിലും സർവ്വീസ് റോഡിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദേശീയ പാതയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
കാസർകോട് നഗരസഭയിൽ നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന്
ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്ന് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാൻ അധികമായി എൻട്രി പോയിൻ്റ് കൊടുക്കുന്നതിന് നടപടിയെടുക്കാൻ ജില്ലാ കളക്ടർ ദേശീയ പാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി, മോട്ടോർ വാഹന വകുപ്പും പൊലീസും ദേശീയ പാത അതോറിറ്റിയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു
തലപ്പാടി മുതൽ കാലിക്കടവ് വരെ വിവിധ പ്രദേശങ്ങളിൽ കാലവർഷത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിന് റാപിഡ് റെസ്പോൺസ് ടീമിനെ നിർമാണ കരാർ കമ്പനികൾ നിയോഗിച്ചിട്ടുണ്ടെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടർ ഉമേഷ് ഗാർഹ് പറഞ്ഞു.കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജിന് മുന്നിലും ജില്ലാ ആശുപത്രിയ്ക്ക് മുന്നിലും കാൽ നടയ്ക്കുള്ള മേൽ പാലം നിർമ്മാണം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള ഭാഗവും ചെറുവത്തൂർ വീരമല കുന്നിലും മട്ടലായി കുന്നിലും മണ്ണിടിച്ചിൽ ഭീഷണി നിലവിലുണ്ടെന്നും ദുരന്തം സംഭവിക്കാതിരിക്കാൻ മൺസൂണിന് മുമ്പായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ആവശ്യപ്പെട്ടു.

വെള്ളക്കെട്ടിനുള്ള സാധ്യതയുള്ള മേഖലകൾ സംബന്ധിച്ച് വിശദമായ പഞ്ചായത്തുകളും നഗരസഭകളും സമർപ്പിച്ചിരുന്നു എങ്കിലും ദേശീയപാത അതോറിറ്റി ഫണ്ട് ഡെപ്പോസിറ്റ് ചെയ്യുന്നതിന് കാലതാമസം നേരിട്ടതിനാൽ ഈ വർഷം വലിയതോതിൽ വെള്ളക്കെട്ടിനും വീടുകളിൽ വെള്ളം കയറുന്നതിനും സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ ഉമേഷ് ഗാർഹ് ദേശീയ പാത നിർമാണ കരാർ കമ്പെനി പ്രതിനിധികൾ എന്നിവർ നിലവിൽ നടന്നു വരുന്ന നിർമാണ പുരോഗതി യോഗത്തിൽ വിശദീകരിച്ചു .
വീടുകളിലേക്ക് വെള്ളം കയറി മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പ്രത്യേകം റിലീഫ് ക്യാമ്പുകൾ ആരംഭിക്കുന്നതിന് തഹസിൽദാർമാർക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ദുരന്ത സാധ്യത തടയുന്നതിന് നിർമാണ പുരോഗതി സമയ ബന്ധിതമായി അവലോകനം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാസർകോട് ആർഡിഒ ബിനുജോസഫ് , കാഞ്ഞങ്ങാട് ആർഡിഒ കെ.ആർ മനോജ് എന്നിവരെ ചുമതലപ്പെടുത്തി. ഓവുചാൽ നിർമ്മാണത്തിലെ അപാകത ,മണ്ണിടിച്ചിൽ, തെരുവ് വിളക്കുകൾ ഇല്ലാത്ത പ്രശ്നം ,തോടുകൾ മണ്ണിട്ട് മൂടിയത് എന്നിവ സംബന്ധിച്ച് എൽ എസ് ജിഡി, റവന്യു പൊലീസ് ആർ ടിഒ, നിർമാണ കരാർ കമ്പനി പ്രതിനിധികൾ സംയുക്ത പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page