കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാല്‍ എംഐസി ക്യാമ്പസില്‍ 3000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ദേശീയപാതയോട് ചേര്‍ന്നതടക്കമുള്ള 30 ഏക്കറിലാണ് വൃക്ഷത്തൈകള്‍ നടുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം ഐ സിക്കു കീഴിലുള്ള സ്ഥാപനങ്ങളിലായി 2000 വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ ഓരോരുത്തരും ഓരോ വൃക്ഷത്തൈകള്‍ നടും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കാമ്പയിനില്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കല്ലട്രമാഹിന്‍, കെ. നീലകണ്ഠന്‍, പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ജസ്‌ന മനാഫ് എടനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.






