കാസര്‍കോട്: പെരിയ ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വന്‍ ഗര്‍ത്തം. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍വ്വകലാശാല മുതല്‍ പെരിയ ബസ് സ്റ്റോപ്പ് വരെ ഒരു ഭാഗത്തെ സര്‍വ്വീസ് റോഡിലെ വാഹനഗതാഗതം തടസ്സപ്പെട്ടു.
സ്ഥലത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ 8.30 മണിയോടെ കാഞ്ഞങ്ങാട്ട് ഭാഗത്ത് നിന്നു കാസര്‍കോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് എത്തിയപ്പോഴാണ് സര്‍വ്വീസ് റോഡില്‍ വലിയ ഗര്‍ത്തം കണ്ടതെന്നു പറയുന്നു. മുന്നോട്ട് നീങ്ങാന്‍ കഴിയാതെ ബസ് പിന്നോട്ടെടുത്ത് ദേശീയ പാതയില്‍ എത്തിയാണ് യാത്ര തുടര്‍ന്നത്. ബസിന്റെ പിന്‍ഭാഗത്തു ഉണ്ടായിരുന്ന കുടുങ്ങിയ നിരവധി വാഹനങ്ങളും സമാനരീതിയിലാണ് യാത്ര തുടര്‍ന്നത്. വിവരമറിഞ്ഞ് ദേശീയ പാത നിര്‍മ്മാണ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി. നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. നിര്‍മ്മാണം ശാസ്ത്രീയമായി നടത്തിയില്ലെങ്കില്‍ പണി തടസ്സപ്പെടുത്തുമെന്നു നാട്ടുകാരും വ്യാപാരികളും മുന്നറിയിപ്പു നല്‍കി. ഓവുചാല്‍ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നു കൂട്ടിച്ചേര്‍ത്തു.








