സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാര്‍ തട്ടിയെടുത്തു; സ്വര്‍ണവും പണവും കൊള്ളയടിച്ചതായി സംശയം, പിന്നില്‍ ഹൈവേ കൊള്ളസംഘമെന്ന് സൂചന

കാസര്‍കോട് :സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ചശേഷം കാറിനകത്ത് ഉണ്ടായിരുന്ന സ്വര്‍ണവും പണവും കൊള്ളയടിച്ചതായി സംശയം. കാര്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ പയ്യന്നൂരിന് സമീപത്താണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയില്‍ സ്വര്‍ണ്ണ വ്യാപാരിയുമായ അശോക് കുമാറും കുടുംബവുമാണ് അക്രമത്തിനിരയായത്.
മഹാരാഷ്ട്രയില്‍ നിന്ന് ഭാര്യയും രണ്ടു മക്കളുമായി കാറില്‍ തലശ്ശേരിക്ക് പോവുകയായിരുന്നു ഇദ്ദേഹം. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് കഴിഞ്ഞ ഉടൻ പിന്തുടര്‍ന്ന് എത്തിയ മറ്റൊരു കാറില്‍ ഉണ്ടായിരുന്ന സംഘം സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിർത്തുകയായിരുന്നുവെന്നു പറയുന്നു. കാറിന് അകത്തുണ്ടായിരുന്നസ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും വലിച്ചിറക്കി കാറുമായി അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമം നടന്ന കാര്യം വ്യാപാരി പയ്യന്നൂര്‍ പൊലീസിനെ അറിയിച്ചില്ല. പിന്നീട് മറ്റൊരു വാഹനത്തിൽ തലശ്ശേരി എത്തിയശേഷം ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
അതേസമയം സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ ചൊവ്വാഴ്ച രാവിലെ പിലാത്തറയിലെ വിജനമായ സ്ഥലത്ത് തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. പ്രഭാത നടത്തത്തിന് ഇറങ്ങിയവരാണ് കാര്‍ ആദ്യം കണ്ടത്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാരി പുറത്തിട്ട നിലയിലാണ്. കാറിനകത്ത് രക്തക്കറയും കാണപ്പെട്ടു. വിവരം പരിയാരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് സ്വര്‍ണ്ണ വ്യാപാരി തലശ്ശേരിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page