കാസര്‍കോട്: ഓട്ടോയില്‍ ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ രണ്ടു വര്‍ഷത്തെ കഠിനതടവിനും 30,000 പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂര്‍, താലൂക്ക് പെരിങ്ങോം വില്ലേജിലെ ഏച്ചിലാംപാറയിലെ മനു കാഞ്ഞിരത്തുമൂട്ടിലിനെ (45) ആണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2020 ജനുവരി 30ന് രാവിലെ 6.15 മണിക്ക് ചീമേനി പോത്താംകണ്ടത്താണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ സാദിഖും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍മാരായ ഡി മധുസൂദനന്‍ പിള്ള, ഡി അരുണ്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.






