പ്രവേശനോത്സവം; അറിവിന്റെ ലോകത്തേക്കു ചിത്രശലഭങ്ങളെപ്പോലെ ആഹ്ലാദഭരിതരായെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളുകള്‍ വരവേറ്റു

കാസര്‍കോട്: അറിവിന്റെ ലോകത്തേയ്ക്ക് ചിത്രശലഭങ്ങളെപ്പോലെ ആര്‍ത്തുല്ലസിച്ച് ആഹ്ലാദ ഭരിതരായെത്തിയ കുട്ടികളെ വിദ്യാലയങ്ങള്‍ ഹാര്‍ദ്ദമായി വരവേറ്റു. റോസാപ്പൂക്കള്‍ നല്‍കിയും പാട്ടുപാടിയും നൃത്തം വച്ചും ബലൂണുകള്‍ സമ്മാനിച്ചുമാണ് നവാഗതരെ വിദ്യാലയങ്ങള്‍ വരവേറ്റത്. അധ്യാപകര്‍ക്കൊപ്പം അധ്യാപകരക്ഷാകര്‍തൃ സമിതിയും നാട്ടുകാരും പ്രവോശനോത്സവത്തെ അവിസ്മരണീയമാക്കാന്‍ സ്‌കൂളുകളില്‍ ഒത്തു കൂടിയിരുന്നു.

കാസര്‍കോട് ഗവ. ഹയര്‍ സെക്രട്ടറി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധനൃത്തശില്‍പ്പവുമുണ്ടായിരുന്നു.
മിക്ക സ്‌കൂളുകളിലും മധുര പലഹാര വിതരണവുമുണ്ടായിരുന്നു. ചില സ്‌കൂളുകള്‍ നവാഗതര്‍ക്കു പായസവുമൊരുക്കിയിരുന്നു. അപൂര്‍വ്വം സ്‌കൂളുകള്‍ ഭക്ഷണവുമൊരുക്കി.
രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞു പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌കൂളുകള്‍ അധ്യാപകരും പി ടി എയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും ചേര്‍ന്നു ശുചീകരിച്ചിരുന്നു. പരിസരങ്ങളും വൃത്തിയാക്കിയിരുന്നു. ജില്ലാതല പ്രവേശനോത്സവം ഉത്സവമാക്കാന്‍ നാട്ടുകാരും സഹകരിച്ചു.


ജില്ലാതല പ്രവേശനോത്സവം ജില്ലയില്‍ രണ്ടു സ്‌കൂളുകളിലായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൈക്കോട്ട് കടവിലും വിപുലമായി ആഘോഷിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page