അനധികൃത നിയമനം; ഇങ്ങനെയും!

ടെന്‍ഷനില്ല; പെന്‍ഷനുണ്ട്, ജീവിക്കാന്‍ ഇത് പോരേ? പിന്നെ ടെന്‍ഷനെന്തിന്?
സഞ്ചരിക്കുന്ന വിശ്വാസി എന്ന് അവകാശപ്പെട്ട ലോനപ്പന്‍ നമ്പാടന്റെ സമാശ്വാസം.

ആദ്യം പഠിച്ചു; പരീക്ഷ പാസ്സായി. സ്വകാര്യ സ്‌കൂള്‍ അധ്യാപകനായി. സര്‍ക്കാര്‍ ശമ്പളം നല്‍കി. പള്ളി വക സ്‌കൂളിലാണ് ജോലിയെങ്കിലും ജോലിയില്‍ നിന്നും അവധിയെടുത്ത് പഞ്ചായത്ത് ഭരണസമിതിയിലേയ്ക്ക് മത്സരിച്ച് ജയിച്ചു. പിന്നെ നിയമസഭയിലേയ്ക്കും പാര്‍ലിമെന്റിലേയ്ക്കും ജയിച്ചു. ആകെ പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ചു.

ഭാര്യ സ്‌കൂള്‍ അധ്യാപിക, അവര്‍ക്കും സര്‍ക്കാര്‍ വക ശമ്പളം കിട്ടുന്നു. നമ്പാടന്‍ രോഗം ബാധിച്ച് മൂന്ന് വര്‍ഷത്തോളം അമൃതാ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ചികിത്സാച്ചെലവിന്റെ മുക്കാല്‍ ഭാഗത്തോളം സര്‍ക്കാര്‍ അനുവദിച്ചു. ടെന്‍ഷന് യാതൊരു സാധ്യതയുമില്ല, പെന്‍ഷനുണ്ടല്ലോ.

ജോലിക്ക് ശമ്പളം, ജോലിയില്‍ നിന്നും വിരമിച്ചാല്‍ പെന്‍ഷന്‍. ശമ്പളവും പിരിഞ്ഞ ശേഷം പെന്‍ഷനും ലഭിക്കുന്ന മറ്റൊരു വര്‍ഗ്ഗമുണ്ട്- എം എല്‍ എയും എം പിയും. ഒരു വ്യത്യാസമുണ്ട്- എം എല്‍ എമാരുടെയും എം പിമാരുടെയും ശമ്പളവും പെന്‍ഷനും നിശ്ചയിക്കുന്നത് അവരവര്‍ തന്നെ. ഉദ്യോഗസ്ഥന്മാര്‍ക്ക് എന്നത് പോലെ നിശ്ചിത പ്രായം വരെ ജോലിയും അതില്‍ നിന്ന് റിട്ടയര്‍ ചെയ്താല്‍ പെന്‍ഷനും എന്ന വ്യവസ്ഥയല്ല; എപ്പോള്‍ പെന്‍ഷന്‍ കിട്ടും എന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെ- എം എല്‍ എ-എം പിമാരുടെ കാര്യത്തില്‍.

തിരഞ്ഞെടുപ്പില്‍ ജയിച്ച്, സാമാജികന്‍ എന്ന നിലയില്‍ സ്പീക്കര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് രേഖയില്‍ ഒപ്പിട്ടതിന്റെ അടുത്ത ദിവസം തന്നെ അംഗത്വമൊഴിഞ്ഞാലും പെന്‍ഷന് അര്‍ഹതയുണ്ടാകണം എന്ന് അനുശാസിക്കുന്ന നിയമം പാസ്സാക്കണം എന്ന പ്രമേയം ഒരു സാമാജികന്‍ അവതരിപ്പിച്ചു. സര്‍വ സമ്മതമായി പാസ്സാക്കപ്പെട്ടു. പക്ഷേ, സഭ പാസ്സാക്കിയാലും പ്രാബല്യത്തില്‍ വരണമെങ്കില്‍ രാഷ്ട്രപതി- സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍ -ഒപ്പിടേണ്ടതുണ്ട്. കേരളത്തില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലെത്തിയ ഒരു നേതാവ് അവതരിപ്പിക്കുകയും സഭ പാസ്സാക്കുകയും ചെയ്ത സ്വകാര്യ ബില്ലില്‍ വെങ്കിട്ട രാമന്‍ എന്ന രാഷ്ട്രപതി ഒപ്പിട്ടു. എന്നാല്‍ നേരത്തേ മറ്റൊരു രാഷ്ട്രപതി- ഗ്യാനിസെയില്‍സിംഗ്- ഇമ്മാതിരി ഒരു സ്വകാര്യ ബില്ല്- സര്‍വ്വ സമ്മതമായി പാസ്സാക്കിയതായിട്ടും നിരാകരിക്കുകയുണ്ടായി. വെങ്കിട്ടരാമന്‍ ജനാധിപത്യമര്യാദ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു.

തന്നിഷ്ടപ്പടി പ്രവര്‍ത്തിക്കാനുള്ള മറ്റൊരധികാരം കൂടി നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുണ്ട്- മന്ത്രിയായാല്‍ ലഭിക്കുന്ന അധികാരം. മന്ത്രിമാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് എന്ന നിലയില്‍ എത്രപേരെ നിയമിക്കാം എത്ര രൂപ ശമ്പളം നല്‍കണം, അപ്രകാരം നിമിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരിക്കണം- ഇത്യാദികാര്യങ്ങളെല്ലാം മന്ത്രിമാര്‍ തീരുമാനിക്കുന്നു. പേഴ്‌സണല്‍ സ്റ്റാഫ് എവിടെ എന്ത് ജോലി ചെയ്യണം എന്ന് നിശ്ചയിക്കുന്നതും വകുപ്പ് മന്ത്രിമാര്‍. ശമ്പളം മന്ത്രിമാര്‍ക്കും, സ്റ്റാഫിനും, പൊതു ഖജനാവില്‍ നിന്ന്. ജനങ്ങളുടെ നികുതിപ്പണം. നാടിന്റെ വികസനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം ഖജനാവില്‍ പണമില്ല; അതു കൊണ്ട് വികസന പദ്ധതികള്‍ തല്‍ക്കാലം മാറ്റിവെയ്ക്കുന്നു എന്ന് മന്ത്രിമാര്‍ നിയമസഭയില്‍ വിശദീകരിക്കും. ഇല്ലായ്മകളും വല്ലായ്മകളും സഹിക്കാന്‍ നികുതിദായകരായ നാം നിര്‍ബന്ധിതര്‍. നമ്മുടെ തലയിലെഴുത്ത്!

പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യം- എല്ലാം മന്ത്രിമാര്‍ തീരുമാനിക്കും- തന്നിഷ്ടപ്പടി.ഓരോ മന്ത്രിക്കും എത്രപേര്‍, ഏത് പദവിയില്‍, അവരുടെ യോഗ്യതയെന്ത്? ശമ്പളമെത്ര? ഇത്യാദി വിവരങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നത് ഏതെങ്കിലും വിവരാവകാശ പ്രവര്‍ത്തകര്‍ നിയമപ്രകാരം അന്വേഷിച്ചറിഞ്ഞ വിവരം വെളിപ്പെടുത്തുമ്പോള്‍ മാത്രം. അതും പരസ്യമാക്കാന്‍ പാടില്ല എന്ന കര്‍ശനമായ വിലക്ക് വന്നാല്‍ എല്ലാം പരമരഹസ്യം. പണം നമ്മുടേത്; അത് പോകുന്ന വഴി നാം അറിയാന്‍ പാടില്ല!.

അഡ്വക്കെറ്റ് ഡി ബി ബിനുവിന് റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ ആക്റ്റ് പ്രകാരം ഒരു വ്യാഴവട്ടം മുമ്പ് ലഭിച്ച ചില വിവരങ്ങള്‍ അദ്ദേഹം വാര്‍ത്താമാധ്യമങ്ങള്‍ക്ക് പങ്കിട്ടത് ഉദ്ധരിക്കാം(മാതൃഭൂമി 20-06-2013) വിദ്യാഭ്യാസ യോഗ്യത നോക്കാതെ നിയമിക്കപ്പെട്ട പേഴ്‌സണല്‍ സ്റ്റാഫ്. അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ശമ്പളം പറ്റുന്ന പലരും പത്താം തരം പോലും പാസ്സായിട്ടില്ലാത്തവര്‍. മന്ത്രിമാര്‍ക്ക് ഉപദേശം നല്‍കേണ്ടവര്‍ ആണ് ഇവര്‍. ഒരു മന്ത്രിക്ക് മുപ്പത്തിയേഴ് പേഴ്‌സണല്‍ സ്റ്റാഫ് വരെ അനുവദനീയമാണത്രേ.

പ്യൂണ്‍ ആയി നിയമനം നല്‍കുന്നു. ആറുമാസം കഴിഞ്ഞാല്‍ സ്ഥാനക്കയറ്റം- അഡീഷണല്‍ പേഴ്‌സണല്‍ സെക്രട്ടറി തസ്തികയിലേയ്ക്ക്. പദവിക്കനുസരിച്ച് ശമ്പളവും അലവന്‍സുകളും. അഡ്വ. ബിനുവിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ മന്ത്രിമാരുടെ പേരുകള്‍, ഓരോരുത്തര്‍ക്കുള്ള പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അലവന്‍സ്- ഇത്യാദി എല്ലാ വിവരങ്ങളുമുണ്ട്- ഔദ്യോഗികമായി നല്‍കപ്പെട്ട കണക്കുകള്‍. രണ്ടുകൊല്ലം കഴിയുമ്പോള്‍ ചിലര്‍ റിട്ടയര്‍ ചെയ്യുന്നു. ആജീവനാന്തം പെന്‍ഷന്‍ കിട്ടും. അവരുടെ ഒഴിവിലേയ്ക്കായി പുതിയ നിയമനം നടത്തും.

ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ എവിടെ ജോലി ചെയ്യണം എന്ന് മന്ത്രിയാണ് തീരുമാനിക്കുക- സ്റ്റാഫിന്റെ- അല്ലെങ്കില്‍ പാര്‍ട്ടിയുടെ -സൗകര്യം നോക്കും. ഈ കുറിപ്പെഴുതുന്നയാള്‍ക്ക് നേരിട്ട് അറിവുള്ള ഒരു വിവരം. മലപ്പുറം സ്വദേശിയായ ഒരു മന്ത്രി- മുസ്ലീംലീഗ് കാരന്‍. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് നീലേശ്വരം സ്വദേശി. കോണ്‍ഗ്രസുകാരന്‍. വിദ്യാഭ്യാസ യോഗ്യത; പത്താം തരം. ജോലി കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍. രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞു. ഇപ്പോഴും പെന്‍ഷന്‍ ലഭിക്കുന്നുണ്ടത്രേ. പാര്‍ട്ടി ഓഫീസിലെ ജോലിയും ഇപ്പോഴില്ല. ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല. എല്ലാ കാലത്തും എല്ലാ പാര്‍ട്ടിക്കാരും പിന്തുടരുന്നത്. അതിനാല്‍ ആര്‍ക്കും പരാതിയില്ല. നഷ്ടം അവര്‍ക്കല്ലല്ലോ, നികുതിദായകരായ സാധാരണക്കാര്‍ക്കല്ലേ? സംസ്ഥാന ചീഫ് സെക്രട്ടറി ആയിരുന്ന സി പി നായര്‍ ഐ എ എസ്സിന്റെ ആത്മകഥയിലും ഇതു സംബന്ധമായ, സമാനമായ വിവരങ്ങള്‍ കാണാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page