അനധികൃത സ്വത്തുസമ്പാദനം; ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

അഹമ്മദാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ ബി ചൗധരിയാണ് അറസ്റ്റിലായത്.
സര്‍വീസില്‍ നിന്നു വിരമിക്കാന്‍ എട്ടുമാസം ബാക്കിയിരിക്കെയാണ് രണ്ട് കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹം അറസ്റ്റിലായത്. ഗുജറാത്ത് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് അനധികൃത സമ്പാദ്യം കണ്ടെത്തിയത്.

അടുത്ത കാലത്ത് ചൗധരിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സൗരോര്‍ജ്ജ പദ്ധതികള്‍ക്കായുള്ള അനുമതി പത്രങ്ങള്‍ പരിശോധന കൂടാതെ ഒപ്പിട്ടത് വിവാദമായിരുന്നു. ചട്ടം ലംഘിച്ച് ഇത്തരത്തില്‍ 100 സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം അനുവദിച്ചതായാണ് ആരോപണം. പരിശോധനയില്‍ ഇത് കണ്ടെത്തുകയും ചെയ്തു.

പിന്നാലെ ചൗധരിയുടെ ഗാന്ധിനഗറിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേര്‍സിലും സൂറത്തിലെ വേസുവിലുള്ള വിഐപി റോഡിലെ വസതിയിലും ഒരേസമയം വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 2.64 കോടി രൂപയുടെ ആസ്തികള്‍ കണ്ടെത്തി. ഇതില്‍ 1.76 കോടി രൂപ പണമായും 88.82 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം-വെള്ളി ആഭരണങ്ങളും ഉള്‍പ്പെടുന്നു.

ക്ലാസ് 1 ജീവനക്കാരനായ ചൗധരിക്ക് പ്രതിമാസം 1.7 ലക്ഷം രൂപയായിരുന്നു ശമ്പളം. അനധികൃത പണം കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹം ഒപ്പിട്ട ഫയലുകളും, അതിലൂടെ അനുമതി നേടിയവരെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ് സംഘം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page