കാസര്‍കോട്: ഉദുമ പഞ്ചായത്തിലെ ബാരയിലും പരിസരങ്ങളിലും കാട്ടുപോത്തുകള്‍ ഇറങ്ങി. ഇന്ന് (തിങ്കള്‍) രാവിലെ എട്ടുമണിയോടെയാണ് മൂന്നു കാട്ടുപോത്തുകളെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആള്‍ക്കാര്‍ ബഹളം വച്ചതോടെ കാട്ടുപോത്തുകളില്‍ ഒന്ന് ബാര, ഭണ്ഡാരത്ത്കാവ് പരിസരത്തേയ്ക്കും രണ്ടെണ്ണം വെടിക്കുന്ന്, ബാര സ്‌കൂളിനു താഴെ പ്രദേശത്തേയ്ക്കും ഓടിപ്പോയി. മൂന്നു പോത്തുകളും സ്ഥലത്തു തന്നെ നിലയുറപ്പിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോസ്ഥരെയും പൊലീസിനെയും സ്‌കൂള്‍ അധികൃതരെയും വിവരമറിയിച്ചു.
കാട്ടുപോത്തുകള്‍ കൂട്ടത്തോടെ നാട്ടിലെത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്‌കൂളിലേയ്ക്കു നടന്നു പോകുന്ന കുട്ടികളെ വാഹനങ്ങളിലാണ് അധ്യയന വർഷാരംഭത്തിൽ സ്‌കൂളില്‍ എത്തിച്ചത്.
നിലവിൽ രണ്ടു പോത്തുകള്‍ ബാര സ്‌കൂളിനു സമീപം നിലയുറപ്പിച്ചിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലച്ചേരി ഭാഗത്തു കാണപ്പെട്ട കാട്ടുപോത്തുകളാണ് ഇന്നു രാവിലെ ബാര ഭാഗത്ത് എത്തിയതെന്നു സംശയിക്കുന്നു.
ഏതാനും ദിവസം മുമ്പ് കരിച്ചേരിയിലും തൂവളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു .അവിടെ നിന്നായിരിക്കും ഇവ ബാരയില്‍ എത്തിയതെന്നു സംശയിക്കുന്നു.





