പശ്ചിമ ബംഗാളില്‍ വീണ്ടും എംപിക്ക് നേരെ അക്രമം; കല്യാണ്‍ ബാനര്‍ജി എംപിയെ നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക അക്രമം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പുമായ കല്യാണ്‍ ബാനര്‍ജിയെ ഇന്ന് നടുറോഡില്‍ ഒരു സംഘം തലയ്ക്കടിച്ച് വീഴ്ത്തി. ഹൂബ്ലിയില്‍ വച്ചാണ് കല്യാണ്‍ ബാനര്‍ജിക്ക് നേരെ അക്രമം ഉണ്ടായത്.

നടന്ന് പോവുകയായിരുന്ന കല്യാണ്‍ ബാനര്‍ജിയെ ഒരു സംഘം മുദ്രാവാക്യം മുഴക്കി വളയുകയായിരുന്നു. തിരിച്ച് മുദ്രാവാക്യം മുഴക്കിയ എംപിയുടെ തലക്ക് സംഘം മര്‍ദ്ദിച്ചു. റോഡില്‍ വീണ എംപിയെ വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന് കല്യാണ്‍ ബാനര്‍ജി പ്രതിഷേധിച്ചു. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അക്രമം എന്നാണ് വിവരം. പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരും തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ടിഎംസി പ്രവര്‍ത്തകരെ ‘കള്ളന്മാര്‍’ എന്ന് വിളിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിപ്പിച്ചതായി പറയുന്നു. ഇത് പിന്നീട് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഒടുവില്‍ ലാത്തിവീശിയാണ് പൊലീസ് ഇരുകൂട്ടരെയും വിരട്ടി ഓടിച്ചത്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കടുത്ത ജാഗ്രത തുടരുകയാണ്.

ആക്രമണത്തില്‍ പരിക്കേറ്റ കല്യാണ്‍ ബാനര്‍ജി എംപി തൂവാല തലയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. തന്നെ മനഃപൂര്‍വം ലക്ഷ്യം വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിയുടെ ഗുണ്ടകള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബിജെപി അക്രമം അഴിച്ചുവിട്ടതെന്നും ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ നേതാക്കള്‍ക്കെതിരായ ആക്രമണം ദേശീയ തലത്തില്‍ ഏറ്റെടുക്കുമെന്ന് ഇന്ത്യാ സഖ്യം വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page