കാസര്‍കോട്: കാറഡുക്ക, കൊട്ടംകുഴിയില്‍ കര്‍ഷകനെ കുളത്തില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചാടുന്നതിനു മുമ്പ് കൈഞരമ്പ് മുറിച്ചതായി സംശയിക്കുന്നു.
കൊട്ടംകുഴിയിലെ കുഞ്ഞമ്പു നായരുടെ മകന്‍ അജിത്ത് (43) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെ അജിത്തിനെ വീട്ടില്‍ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ മടിക്കേരിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന അജിത്ത് ബിസിനസ് പരാജയത്തെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു പറയുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി കൃഷിയില്‍ സജീവമാവുകയായിരുന്നു.
മരണം സംബന്ധിച്ച് ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
മാതാവ്: മാലതി. ഭാര്യ: ചൈത്ര. ഒരു കുട്ടിയുണ്ട്. അജിത സഹോദരിയാണ്






