മലപ്പുറത്തെ സ്‌ഫോടകവസ്തു വേട്ട; കട്ടത്തടുക്ക, എകെജി നഗറിലെ ക്വാര്‍ട്ടേഴ്‌സിൽ എന്‍ഐഎ റെയ്ഡ്, ആര്‍സി ബുക്കും മൂന്നു വിസിറ്റിംഗ് കാര്‍ഡുകളും കണ്ടെടുത്തു

കാസര്‍കോട്: മലപ്പുറം, കൊണ്ടോട്ടിയില്‍ അത്യുഗ്രശേഷിയുള്ള ഒരു ലോഡ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കട്ടത്തടുക്ക, എകെജി നഗറിലും എന്‍ഐ എ റെയ്ഡ്. ഇന്ന് (ശനി) രാവിലെയെത്തിയ അഞ്ചംഗ ഉദ്യോഗസ്ഥ സംഘം ഒരു ക്വാര്‍ട്ടേഴ്‌സിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള മുഹമ്മദ് സലീമിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കേസിന്റെ നിര്‍ണായക രേഖയെന്നു അന്വേഷണ സംഘം കരുതുന്ന ആര്‍സി ബുക്കും മൂന്നു വിസിറ്റിംഗ് കാര്‍ഡുകളും കണ്ടെടുത്തതായാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് രാവിലെ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കടുമേനിയിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ക്വാറി ഉടമ സജിയുടെ വീട്ടിലും പ്രവര്‍ത്തനം നിര്‍ത്തിവച്ച ക്വാറിയിലുമായിരുന്നു റെയ്ഡ് നടത്തിയത്. സമാനരീതിയിലുള്ള പരിശോധന കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലും നടന്നു. കോഴിക്കോട്ടും മലപ്പുറത്തെ രണ്ടു കേന്ദ്രങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തി.
2026 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മാട്-തലപ്പാറ റോഡില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു എതിര്‍ വശത്തുള്ള ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിയുടെ കോമ്പൗണ്ടിനു അകത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
സംഭവത്തില്‍ നിയമവിരുദ്ധമായി എക്‌സ്‌പ്ലോസീവ് സാധനങ്ങള്‍ ആണെന്നു അറിഞ്ഞു കൊണ്ട് പ്രവര്‍ത്തിച്ചതിന് ലോറി ഡ്രൈവര്‍ക്കും മറ്റു രണ്ടു പേര്‍ക്കും എതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തിരുന്നു. ഉള്ളിച്ചാക്കുകള്‍ക്ക് അടിയില്‍ 448 പെട്ടികളിലായി 89,600 ജലാറ്റിന്‍ സ്റ്റിക്കുകളും 35 പെട്ടികളിലായി 10500 ഷോക്ക് ട്യൂബുകളും ആണ് പിടികൂടിയത്. പ്രസ്തുത കേസില്‍ പിന്നീട് എന്‍ഐഎ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page