നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് തള്ളിയും മുഖത്തടിച്ചും യുവതി; വീഡിയോ വൈറല്‍

മുംബൈ: നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് തള്ളിയും മുഖത്തടിച്ചും യുവതി. മഹാരാഷ്ട്രയിലെ ഛത്താര്‍പൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഛത്താര്‍പൂരിലെ ആര്‍ടിഒ ഓഫീസിന് സമീപത്തെ തിരക്കേറിയ റോഡിലാണ് സംഭവം.
ഫ്രീ പ്രസ് മദ്ധ്യപ്രദേശ് എന്ന എക്‌സ് ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ചുഴറ്റി വലിച്ചെറിഞ്ഞുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

റോഡില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെ ഭര്‍ത്താവിന്റെ കൈ പിടിച്ച് വച്ച് അയാളുടെ മുഖത്ത് പല തവണ ആഞ്ഞ് അടിക്കുന്ന ഭാര്യയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വാക്കേറ്റത്തിലും ഏര്‍പ്പെട്ടു. ഭാര്യയുടെ ക്രൂരതയില്‍ പ്രതികരിക്കാതെ ഭര്‍ത്താവ് നിസഹായനായി നിന്ന് കരയുകയാണ് ചെയ്യുന്നത്. ഇതൊക്കെ കണ്ട് കാഴ്ചക്കാരായി നില്‍ക്കുന്നതല്ലാതെ ആരും സംഭവത്തില്‍ ഇടപെടുന്നില്ല. ചിലര്‍ വന്ന് യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

തര്‍ക്കം നീണ്ടതോടെ സമീപത്തെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇരുവരോടും റോഡില്‍ നിന്നു മാറി ഗതാഗത തടസം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയാറാകാതെ വന്നതോടെ പ്രദേശവാസികള്‍ 112 ല്‍ വിളിച്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചോദ്യം ചെയ്യലില്‍ ആഗ്രയില്‍ നിന്നു തൊഴില്‍ അന്വേഷിച്ച് ഛത്താര്‍പൂരില്‍ എത്തിയതാണ് ദമ്പതികള്‍ എന്ന് കണ്ടെത്തി. ഭാര്യയുടെ പേര് സുമന്‍ ചൗരസ്യയും ഭര്‍ത്താവിന്റെ പേര് ദേവ് ചൗരസ്യയുമാണ്. ഇരുവരും കലഹിക്കുമ്പോള്‍ ദമ്പതികളുടെ കുട്ടിയും നിസ്സഹായനായി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പുരുഷന്മാര്‍ക്കും ഭാര്യമാരില്‍ നിന്നു സുരക്ഷ വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page