60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ: മാസങ്ങളായി തുടരുന്ന യുദ്ധത്തിന് താൽക്കാലിക ശമനം വരുത്താൻ യു.എസും ഇറാനും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ മധ്യസ്ഥനായി നിൽക്കുന്ന ഈ ധാരണയുടെ കരട് രേഖ തയ്യാറായിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ‘ഹോർമുസ് കടലിടുക്ക്’ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകാൻ ഇറാൻ സമ്മതിച്ചതായാണ് വിവരം. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ 30 ദിവസത്തിനകം നീക്കം ചെയ്യണമെന്നതാണ് യു.എസിന്റെ പ്രധാന നിബന്ധന. പകരമായി ഇറാന്റെ മേലുള്ള ഉപരോധങ്ങളിൽ യു.എസ് ഇളവു വരുത്തും.
ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആലോചിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി വേണമെന്നാണ് ട്രംപിന്റെ നിലപാട്.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീമും കരാർ പൂർണ്ണമായി ഉറപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലക്കാത്ത സൈനിക പ്രത്യാക്രമണങ്ങൾ
കരാർ ചർച്ചകൾ അണിയറയിൽ നടക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് കുറവില്ല.
കഴിഞ്ഞ രാത്രിയിൽ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് പുതിയ വ്യോമാക്രമണം നടത്തി. യു.എസ് സേനയ്ക്കും കപ്പലുകൾക്കും ഭീഷണിയുയർത്തിയതിനാലാണ് ഈ നീക്കമെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
തിരിച്ചടിയെന്നോണം ഇറാൻ യു.എസ് സൈനിക ക്യാമ്പുകൾക്ക് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ സഖ്യരാജ്യമായ കുവൈറ്റിന് നേരെ ഇറാൻ തൊടുത്ത മിസൈലുകൾ കുവൈറ്റ് സൈന്യം തകർത്തു.
ഫെബ്രുവരിയിൽ തുടങ്ങിയ ഈ യുദ്ധവും ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും ആഗോളതലത്തിൽ എണ്ണ-പ്രകൃതിവാതക വിതരണത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധനവിലയെയും വിപണിയെയും ഇത് നേരിട്ട് ബാധിക്കുന്നതിനാലാണ് ലോകം ഈ ചർച്ചകളെ ഉറ്റുനോക്കുന്നത്.
കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ.
കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചതിനെത്തുടർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകൾ. അതേസമയം, മോശം കാലാവസ്ഥ കാരണം സിദ്ധരാമയ്യ സഞ്ചരിച്ച വിമാനം ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതിനാൽ രാഹുൽ ഗാന്ധിയുമായി ഇന്നലെ നടത്താനിരുന്ന കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് ചോദ്യപ്പേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്.
ബിജെപി നേതൃത്വത്തിൽ അഴിച്ചുപണി.
ഡൽഹി, പഞ്ചാബ് ഉൾപ്പെടെ നാല് പ്രധാന സംസ്ഥാനങ്ങളിൽ പുതിയ പാർട്ടി അധ്യക്ഷന്മാരെ കേന്ദ്ര നേതൃത്വം നിയമിച്ചു.
തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി . മുൻ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതിസന്ധിയിലാക്കി പാർട്ടിയിൽ വീണ്ടും രാജി. ടിഎംസി ദേശീയ വക്താവ് ശന്തനു സെൻ രാജിവച്ചു.
സ്വർണ്ണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് വില കുറയുന്നത്.
പ്രവാസി
മേഖലയുമായി ബന്ധപ്പെട്ട്, യുഎഇയിലെ ഫുജൈറയിലുണ്ടായ സംഘർഷങ്ങളിൽ 3 ഇന്ത്യക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനെതിരെ പ്രതിഷേധിച്ച 57 സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. ഒളിവിലായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു പോലീസിന് മുന്നിൽ കീഴടങ്ങി.
റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും മുൻ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം: പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു.
തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
80-കാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയ പ്രതിയെ പോലീസ് പിടികൂടി.
കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ഉൾപ്പെടെയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.







