ക്ഷേത്ര ദര്‍ശനത്തിന് ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി; പൂജാരിക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: ക്ഷേത്ര ദര്‍ശനത്തിന് ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിയെ സസ്‌പെന്‍ഡ് ചെയ്തു. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യപ്പന്‍ അയ്യറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ആണെന്ന് അറിയാതെയാണ് പുരോഹിതര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

ക്ഷേത്രത്തില്‍ പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4000 രൂപയാണ് പുരോഹിതന്‍ ദേവസ്വം മന്ത്രിയില്‍ നിന്ന് വാങ്ങിയത്. പണം കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 31കാരനായ മന്ത്രി മാസ്‌ക് ധരിച്ചാണ് ക്ഷേത്രത്തില്‍ കയറിയത്. അതുകൊണ്ടുതന്നെ മന്ത്രിയെ തിരിച്ചറിഞ്ഞില്ല. അന്നദാനത്തിന് എത്തിയപ്പോഴാണ് മന്ത്രിയാണെന്ന് അറിഞ്ഞത്. ഇതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കി.

പിന്നാലെ കൈക്കൂലി വാങ്ങിയ പുരോഹിതനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഡിഎംകെ രംഗത്തെത്തി. പൂജാരിമാര്‍ അഴിമതി ചെയ്താല്‍ ശിക്ഷ ഇല്ലെന്നായിരുന്നു ഡിഎംകെ യുടെ ആരോപണം. ബ്രാഹ്‌മണനെ ദേവസ്വം മന്ത്രി ആക്കിയതിനെതിരെ നേരത്തെ തന്നെ ഡിഎംകെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ സംഭവം അവര്‍ ആയുധമാക്കിയതോടെ നടപടി എടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി. കൈക്കൂലി വാങ്ങാന്‍ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. തലമുണ്ഡനം ചെയ്യാന്‍ പണം വാങ്ങിയ രണ്ട് പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page