പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി

കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ യുവ ഭര്‍തൃമതി ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിനു രണ്ടു ദിവസം മുമ്പ്. സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ ചെയ്താണ് സെറീന മരിച്ചുവെന്ന വിവരം അറിയിച്ചതെന്നു അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
2022 മെയ് 29ന് ആണ് സെറീനയും സൈനുദ്ദീനും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. എന്നാല്‍ ഇതുവരെ കുട്ടികളുണ്ടായില്ല. ഇതിന്റെ പേരില്‍ കടുത്ത മാനസിക പീഡനമാണ് സഹോദരിക്ക് നേരിടേണ്ടി വന്നതെന്നു സഹോദരന്‍ പറഞ്ഞു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ സഹോദരി പലപ്പോഴും പുത്തൂര്‍ സനങ്കളയിലെ വീട്ടിലെത്തി താമസിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്നാണ് സഹോദരി വീണ്ടും ഭര്‍തൃവീട്ടിലേക്ക് പോയത്. അതിനു ശേഷവും പല തവണ പീഡനം നേരിടേണ്ടി വന്നു. അന്നൊക്കെ താൻ പള്ളപ്പാടിയിലെ വീട്ടിലെത്തി സഹോദരിയെ ആശ്വസിപ്പിച്ചിരുന്നു. അവള്‍ ഈ കടുംകൈ ചെയ്യുമെന്നു കരുതാനാകില്ല. മരണത്തില്‍ സംശയമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം വേണം-അബ്ദുല്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
പരേതനായ ബഡുവന്‍ കുഞ്ഞി-നഫീസ ദമ്പതികളുടെ മകളാണ് സെറീന. മറ്റു സഹോദരങ്ങള്‍: ഷരീഫ്, ഫാത്തിമ, മൈമൂന, ദാവൂദ്, സുബൈദ, സുമയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page