കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തിയ സിദ്ധരാമയ്യ ഗവര്‍ണര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് താന്‍ രാജിവച്ചതായി അദ്ദേഹം തുടര്‍ന്ന് വെളിപ്പെടുത്തി. അടുത്ത മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനായി ഡി.കെ ശിവകുമാര്‍ നീക്കം ആരംഭിച്ചു. രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.

രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം സിദ്ധരാമയ്യയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് അത് പരാജയപ്പെട്ടു. ശിവകുമാറിനെ ഒഴിവാക്കി മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു യോഗ ലക്ഷ്യമെന്ന് പറയുന്നു. രാജി പ്രഖ്യാപനത്തിന് മുമ്പ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടേയും യുവാക്കളുടെ ആവേശമായ ഡി.കെ ശിവകുമാറിന്റേയും പേര് ഉയര്‍ന്നുവന്നിരുന്നു.

ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവര്‍ക്കും രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാനും ആദ്യം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും തല്‍സ്ഥാനം വിട്ടുനല്‍കാന്‍ സിദ്ധരാമയ്യ തയാറാകാതിരുന്നതിനെ തുടര്‍ന്ന് വിവാദവും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയും പ്രകടമാവുകയായിരുന്നു. കഴിഞ്ഞദിവസം ഇരുനേതാക്കളുമായും ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒടുവില്‍ സിദ്ധരാമയ്യ രാജിവച്ചത്.

രാജിക്ക് ശേഷം ഹൈക്കമാന്‍ഡ് തന്നോട് ആവശ്യപ്പെട്ടത് നിര്‍വഹിച്ചുവെന്ന് വെളിപ്പെടുത്തി. അതേസമയം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഡി.കെ ശിവകുമാറില്‍ നിന്ന് മാറ്റാനും മന്ത്രിസഭയില്‍ സിദ്ധരാമയ്യയുടെ മകനും ഉള്‍പ്പെടുത്താനും കുറഞ്ഞത് രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടി അധികാരത്തിലെത്തിക്കാനും ഒപ്പം കേന്ദ്ര നേതൃത്വത്തിലേക്ക് കടക്കാനും സിദ്ധരാമയ്യ ശ്രമിക്കുന്നുണ്ടെന്ന് പ്രചരണമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page