കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി വയ്ക്കും. അടുത്ത ആഴ്ചയായിരിക്കും ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ഇതു സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. നിലവില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമാണ് ഡി.കെ. ശിവകുമാര്‍.

ഹൈക്കമാന്‍ഡ് ഡി.കെ ശിവകുമാറിന് അനുകൂലമായി നിലപാട് എടുത്തതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ആറ് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി സിദ്ധരാമയ്യ ക്യാംപ് സമ്മര്‍ദ്ദ തന്ത്രങ്ങളും വിലപേശലുകളും ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനത്തിനു മുന്‍പ് സിദ്ധരാമയ്യ തന്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തും.

നേതാവ് സ്ഥാനം ഒഴിഞ്ഞാലും സര്‍ക്കാരിലും പാര്‍ട്ടിയിലും ഡി.കെ ശിവകുമാറിന് പൂര്‍ണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് സിദ്ധരാമയ്യ അനുകൂലികള്‍ നടത്തുന്നത്. അധികാര സമവാക്യം നിലനിര്‍ത്താന്‍ ശിവകുമാറിനു കീഴില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നതിനോട് ശിവകുമാറിന് താല്‍പര്യമില്ല. പരമാവധി ഒരാളെ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് അദ്ദേഹം.

പുതിയ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ തങ്ങളുടെ ക്യാംപില്‍ നിന്നുള്ള ആളായിരിക്കണമെന്നു സിദ്ധരാമയ്യ പക്ഷം ആവശ്യപ്പെടുന്നു. ഇത് സര്‍ക്കാരിലും പാര്‍ട്ടിയിലും ഒന്നിലധികം അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. സതീശ് ജര്‍ക്കിഹോളിയാകും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം, സിദ്ധരാമയ്യയുടെ മകന്‍ മന്ത്രിയാകും എന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഫോര്‍മുല അനുസരിച്ച് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹം സമയം ചോദിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം താന്‍ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ തന്റെ അനുയായികളോട് വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യ സര്‍ക്കാര്‍ ഈ മാസം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2023 മേയ് 20നാണ് അധികാരത്തിലേറിയത്. അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പദം ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയ്ക്കും ശേഷം ശിവകുമാറിനും നല്‍കുമെന്ന ഫോര്‍മുലയാണ് ഹൈക്കമാന്‍ഡ് ആവിഷ്‌കരിച്ചത്. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും സിദ്ധരാമയ്യ ഒഴിയാതിരുന്നതോടെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page