മലപ്പുറം: ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവാവിന് കുത്തേറ്റു. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടിക്കൊണ്ടിരിക്കെ സാജു എന്ന യുവാവിനാണ് കുത്തേറ്റത്. മുടി വെട്ടുന്നതിനിടെ അവിടെ എത്തിയ രജില്‍ സാജുവിനെ കുത്തുകയായിരുന്നുവെന്ന് പറയുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രജിലിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തട്ടിമാറ്റി വീണ്ടും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ സാജുവിന്റെ മുഖത്തും, മറ്റും ഗുരുതരമായി പരിക്കേറ്റു. രജില്‍ ആക്രമിക്കുന്നതിനിടെ പുറത്തുനിന്നെത്തിയ ഇയാളുടെ കൂട്ടാളികള്‍ അകത്തുകയറി സാജുവിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തിയ പൊലീസുകാരാണ് രജിലിനെ പിടിച്ചുമാറ്റിയത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സാജുവിനെ ആശുപത്രിയിലെത്തിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.







