ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റില്‍ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ചു; ബറോഡ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റില്‍ നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച സംഭവത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹര്‍സിദ്ധ കഡിയാര്‍ ആണ് അറസ്റ്റിലായത്. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുള്ള കലുപുര്‍ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. മെയ് 27 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ പണം കടത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഏപ്രില്‍ 20 വരെ ജോലിക്കു വന്നിരുന്നു. പിന്നീട് ദീര്‍ഘകാല അവധിയെടുത്തു. കഡിയാറിന് പകരം ചുമതലേറ്റ ആള്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജനുവരി 13-ന് കഡിയാര്‍ ബാങ്കിലെത്തുന്നതും തിരിച്ച് പെട്ടികളുമായി മടങ്ങുന്നതും കണ്ടു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റു ചെയ്യുമ്പോള്‍ കഡിയാര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.2 കോടി രൂപ പൊലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍, മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം ചന്ദ്‌ഖേഡയില്‍ വീട്, വാഹനം, അഹമ്മദാബാദില്‍ ഒരു കട എന്നിവ വാങ്ങാന്‍ ഉപയോഗിച്ചതായി കഡിയാര്‍ സമ്മതിച്ചു. വീട് വാങ്ങാന്‍ ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് 23 ലക്ഷം രൂപ നല്‍കിയതായും കഡിയാര്‍ പൊലീസിന് മൊഴി നല്‍കി. പ്രതി ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റുകളില്‍ വ്യാപാരം ആരംഭിക്കുകയും മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം നിക്ഷേപിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page