ചെറുകുടുക്കയിലെ വലിയ കാരുണ്യം; കുടുംബശ്രീയുടെ ‘ശ്രീഭവനം’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കം

കാസര്‍കോട്:ഭവനരഹിതര്‍ക്ക് തലചായ്ക്കാന്‍ സുരക്ഷിത ഭവനം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച ‘ശ്രീഭവനം – ഒരുമയിലുയരും കൂട്’ പദ്ധതിക്ക് ചീമേനിയില്‍ തുടക്കമായി. പൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. ശോഭന അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്ന കുടുക്കകളില്‍ നിന്നും വഞ്ചികളില്‍ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കായുള്ള ഫണ്ട് സമാഹരിക്കുന്നത്. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും.
ഇതിനുപുറമേ, കാരുണ്യമനസ്സുള്ള സ്‌പോണ്‍സര്‍മാരില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളും, വിവിധ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സൗജന്യ അദ്ധ്വാനവും ലഭ്യമാക്കിയാണ് വീടുകള്‍ പൂര്‍ത്തിയാക്കുക. സിവില്‍ എന്‍ജിനീയര്‍മാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി ആകര്‍ഷകമായ പ്ലാനും ഡിസൈനും സൗജന്യമായി തയ്യാറാക്കി നല്‍കുന്നതിലൂടെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറയ്ക്കാനും സാധിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാല്‍ വീട് ലഭിക്കാതെ പോയവരെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, തുണയില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഭവനരഹിതര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. വാര്‍ഡ് കമ്മറ്റികളുടെ പ്രത്യേക സ്‌ക്രീനിംഗിനും സി.ഡി.എസ് പരിശോധനകള്‍ക്കും ശേഷമാണ് ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ നിശ്ചയിക്കുന്നത്.

ചീമേനിയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാര്‍ദ്ദനന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രജനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ദിവാകരന്‍, വാര്‍ഡ് മെമ്പര്‍ എ.വി. ലളിത, ബ്ലോക്ക് മെമ്പര്‍ പി.വി. ഷീബ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ, രാജു.പി, അനിത, വിജിഷ, അശ്വിനി സംഘാടകസമിതി ചെയര്‍മാന്‍ കെ.വി. അനീഷ് മെമ്പര്‍ സെക്രട്ടറി വിനോദ് സി.വി.സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page