പൂച്ചക്കാട്ടെ 45 പവൻ കവർച്ച: സ്വർണ്ണം കണ്ണൂരിൽ നിന്ന് കണ്ടെടുത്തു

കാസർകോട് : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്, അരയാൽ തറയിലെ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ, മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.മെയ് 9-ന് രാവിലെ 6.30-നും മെയ് 10-ന് ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ ഹലീമയുടെ വീടിൻ്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ, ഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10-ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംആരംഭിക്കുകയായിരുന്നു.ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മെയ് 19-നാണ് പ്രതിയായ നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാന്റിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മെയ് 22-ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. മാല, മോതിരം, വള എന്നിവയടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും പൊലീസ് കസ്റ്റഡിയിലെടുത്തു.ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ കെ.വി, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതൽ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. പ്രതിയെ തുടർ നടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page