കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട് ട്രെയിനിനു നേരെ കല്ലേറ്. ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. കണ്ണിനു പരിക്കേറ്റ നീലേശ്വരം, ആലിങ്കീഴില്‍ പഴനെല്ലിയിലെ പി.വി കുഞ്ഞികൃഷ്ണന്റെ ഭാര്യ അനിത (58)യ്ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. മംഗളൂരുവില്‍ നിന്ന് നീലേശ്വരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അനിത. ഇവരുടെ വലത് കണ്ണിനാണ് കല്ലേറേറ്റത്. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.
അക്രമിയുടേതെന്നു സംശയിക്കുന്ന ഒരാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.






