കാസര്‍കോട്: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍- കൃപേഷ് കൊലക്കേസ് പ്രതികള്‍ക്കു കൂട്ടപരോള്‍ നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ (ഞായറാഴ്ച) വൈകിട്ട് പ്രകടനം നടക്കും. നാലുമണിക്ക് രക്തസാക്ഷി സ്മൃതി കുടീരം മുതല്‍ കല്യോട്ട് ടൗണ്‍വരെ പ്രകടനം നടത്താനാണ് തീരുമാനം. എന്നാല്‍ പ്രകടനത്തിനു പൊലീസ് അനുമതി നല്‍കിയിട്ടില്ല.
ഇരട്ടക്കൊലക്കേസിലെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കു ഇടതുഭരണം അവസാനിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു നിയമ വിരുദ്ധമായി കൂട്ടപരോള്‍ നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പരോള്‍ അനുവദിച്ചതിനു പിന്നാലെ തന്നെ പ്രതിഷേധ പ്രകടനം നടത്താന്‍ പാര്‍ട്ടി ആലോചിച്ചിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ തന്നെ പ്രകടനം നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേതാക്കളെ ബന്ധപ്പെട്ടതോടെയാണ് പ്രതിഷേധ പ്രകടനം മാറ്റിവച്ചത്. പരോള്‍ നല്‍കിയ സംഭവത്തില്‍ മന്ത്രി ചെന്നിത്തല ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കല്യോട്ട് പ്രതിഷേധ പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
പ്രകടനത്തിന്റെയും പരോളിന്റെയും പശ്ചാത്തലത്തില്‍ കല്യോട്ടും പരിസരവും കനത്ത പൊലീസ് കാവലിലാണ്. പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തിയിട്ടുണ്ട്.






