കര്‍ണാടകയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ക്രൂയിസര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്‍ഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധന്‍ സാഹ (48), റസൂല്‍ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്. അഞ്ചുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ ചീത്താപൂരിന് സമീപമാണ് അപകടം. യാദ്ഗിരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കുകയായിരുന്നു.

അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. കല്‍ബുര്‍ഗി എസ്.പി എ. ശ്രീനിവാസുലു അപകടസ്ഥലത്തെത്തി പരിശോധന നടത്തി. ലോറി ഡ്രൈവറെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page