സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന കാരുണ്യ പദ്ധതിയുമായി കാസർകോട് ആസ്റ്റർ മിംസ്

കാസർകോട്: റയിൽവേ സ്റ്റേഷൻ പരിസരത്ത്‌ നിർധനർക്ക് സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിനായി കാസർകോട് ആസ്റ്റർ മിംസിന്റെ ‘ഹങ്കർ ഫ്രീ കാസർകോട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം എം.എൽ.എയും നഗരസഭാ ചെയർപേഴ്സണും ചേർന്ന് പ്രദേശത്തെ നിർധനരും അശരണരുമായ ആളുകൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലിം, ആസ്റ്റർ മിംസ് സി.ഓ.ഓ. സുധീർ ബാസുരി, ആസ്റ്റർ വോളന്റിയേഴ്സ് മലബാർ ഹെഡ് മുഹമ്മദ് അസീം കെ.വി തുടങ്ങിയവർ പങ്കെടുത്തു. എം എൽ എ യായി അധികാരമേറ്റ ശേഷം കല്ലട്ര മാഹിൻ ഹാജി പങ്കെടുത്ത ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.നിർധനരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് ഇത്തരം കാരുണ്യ പ്രവർത്തങ്ങളുമായി മുന്നോട്ട് വന്നത് മാതൃകാപരവും ഏറെ അഭിനന്ദനാർഹവുമാണെന്ന് എം.എൽ.എ പറഞ്ഞു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് നഗരസഭയിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് കൗൺസിലർമാരും ഈ കാരുണ്യപ്രവർത്തനത്തിൽ സജീവ പങ്കാളികളായി.സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ഒരു നേരം പോലും പട്ടിണി കിടക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ആരോഗ്യ പരിരക്ഷയോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഞങ്ങളുടെ കടമയായി കാണുന്നു എന്ന് ആശുപത്രി സി.ഓ.ഓ സുധീർ ബാസുരി പറഞ്ഞു. ആസ്റ്റർ വോളന്റിയേഴ്സും ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഒരുക്കിയ പദ്ധതിയിൽ ലിവ് ടു സ്മൈൽ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ഒരു ആരോഗ്യ സ്ഥാപനം എന്നതിലുപരി, സാധാരണക്കാരുടെ വിശപ്പകറ്റുക എന്ന സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് ആശുപത്രി അധികൃതർ ഈ വേറിട്ട സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ യാത്രക്കാരും പൊതുജനങ്ങളും പങ്കെടുത്തു. വരും ദിവസങ്ങളിലും കൃത്യമായ മേൽനോട്ടത്തോടെയും ഗുണനിലവാരത്തോടെയും പ്രഭാതഭക്ഷണ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page