10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

കോയമ്പത്തൂര്‍: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. സുലൂരിലെ കണ്ണമ്പാളയം തടാകത്തിന് സമീപം കഴിഞ്ഞദിവസമാണ് 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്കുപോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വ്യാപക അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. നീതി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ഥികളും പൊതുജനങ്ങളും റോഡ് ഉപരോധിച്ചു.

ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പറഞ്ഞു. സംഭവം അങ്ങേയറ്റം ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ വിജയ് പ്രതികരണം നടത്തിയത്.

കേസിലെ അന്വേഷണം വിലയിരുത്തുന്നതിനായി തമിഴ്നാട് ഡിജിപി സന്ദീപ് റായ് റാത്തോര്‍ കോയമ്പത്തൂരിലേക്ക് തിരിച്ചു. ടിവികെ സര്‍ക്കാരിനെതിരെ ഡിഎംകെ രംഗത്തുവന്നു. ക്രമസമാധാനനില തകര്‍ന്നതായി അവര്‍ ആരോപിച്ചു. തമിഴ്നാട് മന്ത്രി എം.എസ്. സമ്പത്ത്, സുലൂര്‍ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ടിവികെ എംഎല്‍എ എന്‍.എം.സുകുമാര്‍ എന്നിവര്‍ ഇരയുടെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page