മംഗ്‌ളൂരു: ബെല്‍ത്തങ്ങാടി, ദിഡുപെ വെള്ളച്ചാട്ടം കാണാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത യുവാക്കളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഖാദര്‍ അല്‍ത്താഫ് (36) ഫൈസല്‍ ആദില്‍ (27), ഉസ്മാന്‍ സലീം (18) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മംഗ്‌ളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് യുവാക്കളുടെ ശല്യത്തിനു ഇരയായത്. പെണ്‍കുട്ടികള്‍ മൂന്നു യുവാക്കള്‍ക്ക് ഒപ്പമാണ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.
ഇതിനിടയില്‍ സ്ഥലത്ത് എത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്നു പറയുന്നു. ഇതിനെ വിദ്യാര്‍ത്ഥിനികള്‍ ചെറുക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ സ്ഥലത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടി അക്രമികളെ കയ്യോടെ പിടികൂടി തടഞ്ഞുവച്ചു. വിവരമറിഞ്ഞ് എത്തിയ ബെല്‍ത്തങ്ങാടി പൊലീസ് മൂന്നുപേരെയും അറസ്റ്റു ചെയ്തു. പ്രതികള്‍ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.







