രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന് ; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ജൂണ്‍ ഒന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 18 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്തുസംസ്ഥാനങ്ങളില്‍ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളില്‍ പൂര്‍ത്തിയാകും. ഈ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഒഴിവ് വരുന്നവരില്‍ പ്രധാനികളാണ് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും.

ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂണ്‍ പതിനൊന്നിനാണ്. ജൂണ്‍ 18 രാവിലെ 9 മുതല്‍ വൈകിട്ട് നാലുമണി വരെ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ അന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. ജൂണ്‍ 20-ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.

തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ നാലെണ്ണം ആന്ധ്രാപ്രദേശിലും അഞ്ചെണ്ണം ഗുജറാത്തിലും രണ്ടെണ്ണം ജാര്‍ഖണ്ഡിലും മൂന്നെണ്ണം മധ്യപ്രദേശിലുമാണ്. ഓരോന്ന് വീതം മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലും നാലെണ്ണം കര്‍ണാടകയിലുമുണ്ട്.

സുനേത്ര പവാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിയില്‍ നിന്നും സി.വി. ഷണ്‍മുഖം രാജിവെച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നും ഒഴിവുവന്ന രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും 18 ന് നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page