ന്യൂഡല്‍ഹി: എബോള വൈറസ് വ്യാപനത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും രോഗലക്ഷണം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിനുപിന്നാലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
വൈറസ് വ്യാപന രാജ്യങ്ങളായ കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവയെ ‘ഉയര്‍ന്ന അപകടസാധ്യതയുള്ള’ രാജ്യങ്ങളായാണ് ഡല്‍ഹി വിമാനത്താവളം കണക്കാക്കുന്നത്. കോംഗോയില്‍ ഇതുവരെ 51 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പനി, ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം, രക്തസ്രാവം, തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണം. എബോള രോഗം ഉണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ വ്യക്തിയുടെ രക്തവുമായോ ശരീര സ്രവങ്ങളുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ യാത്രക്കാര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് മുമ്പ് വിമാനത്താവള ആരോഗ്യ വിദഗ്ധരെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാട്ടിലെത്തി 21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും അവരുടെ യാത്രാ വിവരങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
കോംഗോയിലെ ഉഷ്ണമേഖലാ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന മാരകമായ രോഗമാണ് എബോള വൈറസ് രോഗം. രോഗബാധിതരുടെ ശരീര സ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ അല്ലെങ്കില്‍ രോഗം ബാധിച്ച് മരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് ഇത് പടരുന്നത്. ഇതിനകം എബോളയുടെ പുതിയ വ്യാപനം മൂലം 139 മരണങ്ങള്‍ സ്ഥിരീകരിച്ചതായും സംശയിക്കപ്പെടുന്ന രോഗികളുടെ നിരക്ക് 600 കടന്നതായും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. വൈറസ് കണ്ടെത്താന്‍ വൈകിയതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






