കാസര്‍കോട്: എന്‍മകജെ, പെര്‍ളയില്‍ കടയില്‍ കയറി വ്യാപാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും 65,000രൂപ നഷ്ടപ്പെടാന്‍ ഇടയാക്കിയതായും പരാതി. കര്‍ണ്ണാടക, പുത്തൂര്‍, ബട്ടംപാടി സ്വദേശിയും പെര്‍ളയിലെ വ്യാപാരിയുമായ കെ എം മുഹമ്മദ് അഷ്‌റഫ് (45)ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഗണേശന്‍, അവിനാഷ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കടയിലേയ്ക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ കമ്പികൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സുഹൃത്തിനെ അടിച്ചതായും തന്റെ കൈവശം ഉണ്ടായിരുന്ന 65,000 രൂപ നഷ്ടപ്പെട്ടതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.





