4 ദിവസം മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞ 22 കാരിയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി; തല സിമന്റ് കട്ട കൊണ്ട് ഇടിച്ച് തകര്‍ത്തു

ലക്‌നൗ: നാല് ദിവസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ 22 കാരിയെ മുന്‍ കാമുകന്‍ സിമന്റ് കട്ടകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ലക്നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പ്രദേശത്തെ ആളൊഴിഞ്ഞ വനപ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ശിവാനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവാനിയുടെ മുന്‍ കാമുകന്‍ പ്രേം കുമാര്‍ മാഞ്ചി (23) യെ പൊലീസ് അറസ്റ്റുചെയ്തു. ലക്നൗവില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന ഇയാള്‍ ബിഹാറിലെ ഛപ്ര സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

മെയ് 14 ന് പ്രകാശ് എന്നയാളുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ശിവാനിയുടെ മരണം. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ശിവാനി വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയത്. എന്നാല്‍ രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റിയിലെ വനത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തില്‍ അത് ശിവാനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

പാവപ്പെട്ട കുടുംബമാണ് ശിവാനിയുടേത്. പിതാവ് ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ് മാതാവാകട്ടെ വീട്ടുജോലി ചെയ്യുന്നു. ശിവാനിയുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിലായിരുന്നു കുടുംബം. അതിനിടെയാണ് ശിവാനിയുടെ അപ്രതീക്ഷിത മരണം.

കൊലയാളിയെ കണ്ടെത്താന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എട്ട് വര്‍ഷമായി ശിവാനിയെ തനിക്ക് അറിയാമെന്ന് പ്രേം പൊലീസിനോട് പറഞ്ഞു. അടുത്തിടെ മനീഷ് എന്ന സഹപ്രവര്‍ത്തകനുമായുള്ള ശിവാനിയുടെ അടുപ്പം തന്നെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മനീഷിനൊപ്പം നില്‍ക്കുന്ന ശിവാനിയുടെ ഫോട്ടോകള്‍ കണ്ട് അസ്വസ്ഥനായ പ്രേം അവളെ താക്കീത് ചെയ്തിരുന്നു.

പ്രകാശുമായുള്ള ശിവാനിയുടെ വിവാഹനിശ്ചയത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ മനീഷുമായുള്ള അവളുടെ പെരുമാറ്റത്തില്‍ താന്‍ അസന്തുഷ്ടനായിരുന്നുവെന്നും പ്രതി പറഞ്ഞു. ഞായറാഴ്ച രാവിലെ ശിവാനിയെ മോട്ടോര്‍ സൈക്കിളില്‍ ആവാസ് വികാസ് കോളനിക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയ പ്രേം അവളെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സിമന്റ് കട്ട കൊണ്ട് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം, തെളിവ് നശിപ്പിക്കാന്‍ പ്രതി ശിവാനിയുടെ മൊബൈല്‍ ഫോണ്‍ കനാലിലേക്ക് എറിഞ്ഞതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page