ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ യുവതി സുഹൃത്തുമായി വിവാഹിതയായി; 40 കാരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു

ബെംഗളൂരു: ഭര്‍ത്താവിന്റെ മരണം നടന്ന് രണ്ടുമാസത്തിനുള്ളില്‍ സുഹൃത്തിനെ വിവാഹം കഴിച്ച യുവതിയുടെ നടപടിയില്‍ സംശയിച്ച് ഭര്‍തൃ കുടുംബം പരാതി നല്‍കി. മരിച്ച യുവാവിന്റെ സഹോദരന്‍ യൂനുസ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. ബെംഗളൂരു രമേശനഗര്‍ സ്വദേശിയായ ഇംതിയാസ് പാഷ(40)യുടെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇംതിയാസിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ സംശയം.

കുടുംബത്തിന്റെ പരാതിയില്‍ ഇംതിയാസിന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇംതിയാസ് മരിച്ചത്. വീട്ടില്‍ അത്താഴം കഴിച്ചതിന് പിന്നാലെ ഇംതിയാസ് പാഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ഭാനു ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന് വിശ്വസിച്ച് ബന്ധുക്കള്‍ ഇംതിയാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ പ്രാദേശിക ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

ഇംതിയാസ് മരിച്ച് രണ്ടുമാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യ അവരുടെ സുഹൃത്തിനെ വിവാഹം കഴിച്ചതാണ് കുടുംബത്തിന് സംശയം ഉണ്ടാകാന്‍ കാരണമായത്. നാസിറ ഭാനുവിന് സുഹൃത്ത് അസ്ലമിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയതാകാമെന്നുമാണ് സഹോദരന്റെ പരാതി. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരണ കാരണമറിയാന്‍ പരിശോധനാ ഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഇംതിയാസിന്റെ കുടുംബം. കൊലപാതകമാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page