നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു; ആളുകള്‍ ഇറങ്ങിയോടി

പട്‌ന: റെയില്‍ വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെ പട്‌നയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന് ബിഹാറിലെ സാസാറാം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് തീ പിടിച്ചത്. ഭഭുവ-സാസാറാം-പട്‌ന ഇന്റര്‍സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ പട്‌നയിലേക്ക് പുറപ്പെടുന്നതിനായി പ്ലാറ്റ്ഫോം നമ്പര്‍ ആറില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്ത് ട്രെയിന്റെ ജനറല്‍ കോച്ചുകളിലൊന്നില്‍ പെട്ടെന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. നിരവധി യാത്രക്കാര്‍ കോച്ചിനുള്ളില്‍ ഇരിപ്പുറപ്പിച്ചിരുന്നു. കോച്ചിന്റെ ശുചിമുറിയില്‍ നിന്നാണ് ആദ്യം കനത്ത പുക ഉയര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാരും പരിസരവാസികളും ബഹളം വെയ്ക്കുകയായിരുന്നു.

തീ അതിവേഗം കോച്ചിലേക്ക് പടര്‍ന്നതോടെ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. ട്രെയിനില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയില്‍ ലഗേജുകള്‍ പോലും ഉപേക്ഷിച്ചാണ് യാത്രക്കാര്‍ പുറത്തുകടന്നത്. റെയില്‍വേ ജീവനക്കാരുടെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും ഇടപെടലിലൂടെ മുഴുവന്‍ യാത്രക്കാരെയും കോച്ചില്‍ നിന്നും പ്ലാറ്റ്ഫോമില്‍ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കുകളോ സംഭവിച്ചില്ല.

വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി റെയില്‍വേ ട്രാക്കുകളിലെ വൈദ്യുതി വിതരണം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ട്രെയിനിന്റെ ഒരു ജനറല്‍ കോച്ച് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിന്‍ഭാഗത്തിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു.

ഇലക്ട്രിക്കല്‍ വയറിംഗിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഏതെങ്കിലും യാത്രക്കാര്‍ കോച്ചിനുള്ളില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടുപോയിട്ടുണ്ടോ എന്നും റെയില്‍വേ അന്വേഷിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ തകരാറിലായ കോച്ച് ട്രെയിനില്‍ നിന്നു വേര്‍പെടുത്തുകയും റെയില്‍വേ സുരക്ഷാ വിഭാഗം വിശദമായ സാങ്കേതിക പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മധ്യപ്രദേശിലെ രത്ലാമില്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന്റെ എസി കോച്ചിനും സമാന രീതിയില്‍ തീപിടിച്ചിരുന്നു. യാത്രക്കാര്‍ക്ക് പരിക്കോ ആളപായമോ സംഭവിച്ചില്ലെങ്കിലും ലഗ്ഗേജുകള്‍ കത്തിയമര്‍ന്നിരുന്നു.

അതേസമയം, ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളമുള്ള ട്രെയിന്‍ കോച്ചുകളിലെ അഗ്നിശമന സുരക്ഷാ സംവിധാനങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും രാജ്യവ്യാപകമായ ഓഡിറ്റ് റെയില്‍വേ അധികൃതര്‍ ആരംഭിച്ചു.
ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉള്‍പ്പെടെ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page