അശ്ലീല ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പീഡനം; പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പൊലീസ്; പിന്നാലെ സഹോദരികള്‍ ജീവനൊടുക്കി

ജോധ്പൂര്‍: വര്‍ഷങ്ങളോളം തുടര്‍ന്ന കൂട്ടബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും പിന്നാലെ ജീവനൊടുക്കിയ മൂത്ത സഹോദരിക്ക് പിന്നാലെ ഇളയ സഹോദരിയും വിഷം കഴിച്ച് മരിച്ചു. രാജസ്ഥാനിലെ
ജോധ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തുടര്‍ച്ചയായ പീഡനങ്ങളില്‍ മനംനൊന്ത് മാര്‍ച്ചിലാണ് മൂത്ത സഹോദരി മരിച്ചത്. സഹോദരിയുടെ മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് രണ്ടുമാസത്തിനുശേഷം ഇളയ സഹോദരിയും മരിച്ചത്. പലതവണ പൊലീസിനെ സമീപിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒരു ഗ്രാമം മുഴുവനും പൊലീസിന് നേരെ തിരിഞ്ഞതോടെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

ഒരേ കുറ്റകൃത്യത്തിന് ഇരയായി തന്റെ രണ്ടു പെണ്‍മക്കളുടേയും ജീവന്‍ നഷ്ടപ്പെട്ടതോടെ
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണവും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും ആവശ്യപ്പെട്ട് പിതാവും രംഗത്തെത്തി.

ഇ-മിത്ര സര്‍വീസ് സെന്റര്‍ ഓപ്പറേറ്ററായ മഹിപാലാണ് മൂത്ത സഹോദരിയെ കുടുക്കിയത്. പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോകള്‍ രഹസ്യമായി പകര്‍ത്തിയ അയാള്‍ അത് കാട്ടി ഭീഷണിപ്പെടുത്തിയാണ് മൂത്ത പെണ്‍കുട്ടിയെ നാലുവര്‍ഷത്തോളം നിരന്തരം പീഡനത്തിനിരയാക്കിയത്. ഇയാളുടെ ഒത്താശയോടെ ശിവരാജ്, ഗോപാല്‍, വിജറാം, ദിനേശ്, മനോജ്, പുഖ്രാജ് എന്നിവരുള്‍പ്പെടെ എട്ട് പേരും പെണ്‍കുട്ടിയെ കൂട്ടബലാത്സം ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞു.

മഹിപാലും കൂട്ടാളികളും നാല് വര്‍ഷത്തോളം തങ്ങളെ ചൂഷണം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്ത് നിരന്തരം പണം തട്ടിയെടുത്തുവെന്നും സഹോദരികള്‍ നല്‍കിയ പരാതിയില്‍ നേരത്തെ പറഞ്ഞിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ മനംനൊന്താണ് മാര്‍ച്ച് 20 ന് മൂത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

പിന്നാലെ നീതി ലഭിച്ചില്ലെങ്കില്‍ താനും ആത്മഹത്യ ചെയ്യുമെന്ന് ഇളയ സഹോദരി പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷം, പ്രതികള്‍ തനിക്ക് നേരെ തിരിഞ്ഞുവെന്ന് ഇളയ സഹോദരി ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇളയ സഹോദരി മുന്നറിയിപ്പ് നല്‍കുകയും പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കുകയുമായിരുന്നു.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page