പാന്റിനുള്ളില്‍ 5.5 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഇന്ത്യന്‍ വംശജനായ യുഎസ് പൗരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

ന്യൂഡല്‍ഹി: പാന്റിനുള്ളില്‍ 5.5 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ യു.എസ് പൗരന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. 5.5 കോടി രൂപയുടെ 115 സ്വര്‍ണ്ണക്കട്ടികളാണ് ഇയാള്‍ പാന്റിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില അന്താരാഷ്ട്ര കള്ളക്കടത്തുകാര്‍ ഇന്ത്യയിലേക്ക് വലിയ അളവില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഐജിഐ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ആഗമന ടെര്‍മിനലില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

യുഎസില്‍ നിന്നുള്ള യാത്രക്കാരന്‍ വിമാനം ഇറങ്ങിയ ഉടന്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ അയാളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. വിമാനം ഇറങ്ങിയ യാത്രക്കാരന്‍ പരിശോധന നടത്താതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ ഇയാളെ തടയുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ലഗ്ഗേജുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയിലാണ് 3.5 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള 115 സ്വര്‍ണ്ണക്കട്ടികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പാന്റിനുള്ളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബെല്‍റ്റിനുള്ളിലാണ് 24 കാരറ്റിന്റെ സ്വര്‍ണ്ണക്കട്ടികള്‍ ഒളിപ്പിച്ചുവച്ചത്.

കണ്ടെടുത്ത സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍, യാത്രകളുടെ വിവരം, സാമ്പത്തിക ഇടപാടുകള്‍, വിദേശ ബന്ധങ്ങള്‍ എന്നിവയും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കള്ളക്കടത്ത് സ്വര്‍ണം ഇയാള്‍ ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇയാള്‍ ഒരു ഏജന്റ് മാത്രമായിരിക്കുമെന്നും ഇതിന് പിന്നില്‍ ഒരു വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതിനുശേഷം സമീപകാലത്ത് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ പരിശോധിക്കുന്നതിനായി അത്യാധുനിക സ്‌ക്രീനിംഗ് സാങ്കേതികവിദ്യകള്‍ അടക്കമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page