പെരുമ്പാവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചു. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് മരിച്ചത്. ഭര്‍ത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. മകന്‍ സനലിനും ആക്രമണത്തില്‍ പരിക്കേറ്റു.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വാക്കുതര്‍ക്കത്തിനിടെ വെട്ടുകത്തി എടുത്ത് ചന്ദ്രന്‍ അംബികയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പുറകില്‍ വെട്ടേറ്റ അംബികയെ ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മകന് വെട്ടേറ്റത്. കഴുത്തില്‍ വെട്ടേറ്റ സനലിനെ കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







