രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കം; മടിക്കൈയില്‍ ചെങ്കല്ലറയും ശിലാചിത്രങ്ങളും കണ്ടെത്തി

നീലേശ്വരം: മടിക്കൈയില്‍ മഹാ ശിലാ കാലഘട്ടത്തിലെ ജനാധിവാസത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയും ശിലാ ചിത്രങ്ങളും കണ്ടെത്തി. കണ്ണംകുളത്ത് പാറയില്‍ ശിലാ ചിത്രങ്ങളും, തീര്‍ത്ഥങ്കരയില്‍ ചെങ്കല്‍ ഖനനത്തിനിടെ അരിക് മുറിഞ്ഞ നിലയിലുള്ള ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന്‍ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ശിലാചിത്രങ്ങളും ഗുഹയും കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് ചരിത്ര ഗവേഷകനായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ചു. കണ്ടെത്തിയ ഗുഹ മഹാശിലകാലഘട്ടത്തിലെ ചെങ്കല്ലറയാണെന്നും ശിലാചിത്രം മനുഷ്യനിര്‍മ്മിതമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അരിയിട്ട പാറയിലും കക്കാട്ടും മുന്നാട് മോലോത്തും കാവ് ആമക്കുളത്തും എരിക്കുളം വലിയ പാറയിലും കാഞ്ഞിരപൊയിലിലും ഏറ്റു കുടുക്കയിലും അമ്പലത്തറയിലും കണ്ടെത്തിയ ശിലാചിത്രങ്ങള്‍ പോലെ പ്രകൃതിദത്തമായ ജലസംഭരണികളായ പള്ളത്തിന്റെ കരയിലാണ് കണ്ണംകുളത്ത് പാറയിലും ശിലാചിത്രങ്ങള്‍ കണ്ടെത്തിയത്. പത്ത് ഇഞ്ച് നീളവും ആറ് ഇഞ്ച് വീതിയുമുള്ള രണ്ട് കാല്‍പ്പാദങ്ങളാണ് ചെങ്കല്‍ പാറയില്‍ കൊത്തി വച്ചിട്ടുള്ളത്.

വടക്കന്‍ കേരളത്തില്‍ നിന്ന് കണ്ടെത്തിയ മറ്റു ശിലാചിത്രങ്ങളുടെ നിര്‍മ്മാണ രീതിയോടു സാമ്യമുള്ള പാദങ്ങളുടെ ചിത്രം ഉറപ്പേറിയ പാറയില്‍ ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് കൊത്തിയുണ്ടാക്കിയതാകാനാണ് സാധ്യത. പള്ളങ്ങളുടെ കരയില്‍ കൊത്തിവയ്ക്കുന്നത് കൊണ്ട് തന്നെ മഴക്കാലത്ത് മുഴുവനും ഇവ വെള്ളത്തിനടിയിലാവുകയും മഴത്തുള്ളികള്‍ നേരിട്ട് പതിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് നൂറ്റാണ്ടുകള്‍ ഇവ നശിക്കാതിരിക്കുന്നത്. തീര്‍ത്ഥങ്കരയിലെ ചെങ്കല്ലറ മുകള്‍ഭാഗത്തെ ദ്വാരവും ഉള്‍ഭാഗവും മേല്‍മണ്ണ് നിറഞ്ഞ നിലയിലാണുള്ളത്. 2000 ത്തിലധികം വര്‍ഷം പഴക്കമുണ്ട് ചെങ്കല്ലറയ്ക്ക്. മടിക്കൈയുടെ മഹാ ശിലാകാലഘട്ടത്തിലെ ജനജീവിതത്തിന്റെ ചരിത്ര ശേഷിപ്പുകളാണ് പുതിയ കണ്ടെത്തലുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page