തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്‍ഡ് ‘മിന്നല്‍ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് അധികൃതര്‍. നിലവില്‍ ജവാന്‍ റം വിപണിയിലുണ്ട്. അതിന് പുറമെയാണ് പുതിയ ബ്രാന്‍ഡ് കൂടി വിപണിയില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ മലബാര്‍ ഡിസ്റ്റിലറീസ് ആണ് മദ്യം ഉത്പാദിപ്പിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതിയ ബ്രാന്‍ഡ് വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി അരലിറ്റര്‍ കുപ്പിയാണ് വിതരണത്തിനെത്തുന്നത്. 400 രൂപയാണ് ഇതിന്റെ വില. 9000 കെയ്‌സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. പിന്നീടത് 13,000 കെയ്‌സായി വര്‍ദ്ധിപ്പിക്കും.
ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഫെബ്രുവരി 21നാണ് ഉദ്ഘാടനം ചെയ്തത്. തറക്കല്ലിട്ട് നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മിനിറ്റില്‍ 240 കുപ്പികളില്‍ മദ്യം നിറയ്ക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. മദ്യ ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. നിലവില്‍ ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്.







