കാസര്‍കോട്: അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കര്‍ണ്ണാടക, ഗദക്, ലക്ഷ്മീശ്വര താലൂക്കിലെ ബളേഹൊസുവിലെ എം എന്‍ സന്തോഷിന്റെ ബൈക്കാണ് കാണാതായത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കാസര്‍കോട്, നുള്ളിപ്പാടിയിലെ ഒരു ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനാണ് പരാതിക്കാരനായ സന്തോഷ്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് മെയ് ഒന്നിന് രാത്രി 9.30 മണിക്ക് ഉപ്പള ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിനു ശേഷം സ്ഥലത്തു തന്നെയാണ് ബൈക്ക് വച്ചിരുന്നത്. കഴിഞ്ഞ ദിവസം ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ കാര്യം അറിഞ്ഞതെന്നു സന്തോഷ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ദേശീയപാതയിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.






