പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; കുമ്പള സ്വദേശിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം വരന്റെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാകുറിപ്പ്

കാസര്‍കോട്: പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിലെ മനോവിഷമത്തെ തുടര്‍ന്നാണെന്നു പറയുന്നു,പ്രതിശ്രുത വധു വീട്ടിനകത്ത് ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിദൂര്‍, കുണ്ടങ്കേരടുക്കയിലെ ബി.ജയാനനന്ദയുടെ മകള്‍ പ്രഫുല്ല (26)യാണ് ജീവനൊടുക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുടുംബം ജയാനന്ദന്റെ സഹോദരി പുത്രിയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹനിശ്ചയം നാലു മാസം മുമ്പ് നടത്തിയിരുന്നു. മഴക്കാലത്തിനു ശേഷം വിവാഹം നടത്താനായിരുന്നു ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്.
ഇതിനിടയില്‍ ഒരു മാസം മുമ്പ് മണിയോടിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ് പത്തു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ മണി പിന്നീട് മരണത്തിനു കീഴടങ്ങി.
മണിയുടെ സംസ്‌കാര ചടങ്ങില്‍ പ്രഫുല്ലയും കുടുംബവും സംബന്ധിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം പ്രഫുല്ല മാനസിക വിഷമത്തിലായിരുന്നു. ഇതായിരിക്കും ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതിനിടയില്‍ പ്രഫുല്ലയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ‘പ്രതിശ്രുത വരന്റെ വിയോഗം താങ്ങാനാകുന്നില്ലെന്നും തന്റെ മൃതദേഹം അദ്ദേഹത്തെ സംസ്‌കരിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കണമെന്നുമാണ് ‘കുറിപ്പില്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇരുവീട്ടുകാരും തമ്മില്‍ ധാരണയിലെത്തിയതായി പ്രഫുല്ലയുടെ ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കൂട്ടിച്ചേര്‍ത്തു.
പ്രഫുല്ലയുടെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. മരണം സംബന്ധിച്ച് കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രഫുല്ലയുടെ ആത്മഹത്യാകുറിപ്പും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
മാതാവ്: ദേവി. സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, പ്രമോദിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; കുമ്പള സ്വദേശിനിയായ പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം വരന്റെ അരികിൽ സംസ്‌കരിക്കണമെന്ന് ആത്മഹത്യാകുറിപ്പ്

You cannot copy content of this page