തെലങ്കാന: തെലുങ്ക് നടന്‍ കെ. ഭരത് കാന്ത്(31)കാര്‍ അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സായ് ത്രിലോകിനും ജീവന്‍ നഷ്ടമായി. ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്ത് തന്നെ ഭരതും സുഹൃത്തും മരിച്ചു.
ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് ഭരത് കാന്ത്. ഇന്‍സ്റ്റഗ്രാമില്‍ 40,000 ഫോളോവേഴ്‌സും യൂട്യൂബ് ചാനലില്‍ 30,000 സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ ഭരതിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായി. ബാങ്കോക്കിലെ ഒരു മാളില്‍ നില്‍ക്കുന്ന ചിത്രമാണ് ഭരത് അവസാനമായി പോസ്റ്റ് ചെയ്തത്. ‘നാന്‍ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്,’ എന്നായിരുന്നു ഈ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരുന്നത്. ‘ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഗീതാഞ്ജലി, പാര്‍വതി പരമേശ്വര്‍ ലൂ എന്നീ വെബ് സീരീസിലും ഭരത് കാന്ത് അഭിനയിച്ചിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. നടന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് അനുശോചനവുമായി രംഗത്തെത്തിയത്.







