ചെറുവത്തൂർ: മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ടെ പി.കെ പത്മനാഭന്റെ(64) മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ഈ ആവശ്യമുന്നയിച്ച് പടന്ന ഓരിയിലെ പത്മനാഭന്റെ ബന്ധുക്കൾ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി അനിൽ കുമാറിനെ കണ്ട് നിവേദനം നൽകി. കേസ് അന്വേഷിക്കുന്ന ഹൊസ്ദുർഗ് സിഐ കെ. പി ഷൈനിനെയും ബന്ധുക്കൾ കാര്യങ്ങൾ ധരിപ്പിച്ചു. പൊതുപ്രവർത്തകനായ മാമുനി രവിയുടെ നേതൃത്വത്തിൽ സഹോദരൻ പി.കെ ശ്രീധരൻ, ഓരിയിലെ പ്രസാദ്, രണ്ടു മരുമക്കൾ എന്നിവരാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പരാതി അറിയിച്ചത്. പത്മനാഭന്റെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഈ മാസം ഒമ്പതിന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്കാണ് തീ പൊള്ളലേറ്റ നിലയിൽ പത്മനാഭനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മംഗളൂരുവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. തീ പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആ സമയം തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് പത്മനാഭന് പൊള്ളലേറ്റ മുറി പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. ഭാര്യയുടെയും മക്കളുടെയും പീഡനവും ഭീഷണിയും സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞപ്പോൾ പൊള്ളലേറ്റ ദിവസം രാവിലെ ഇളയ സഹോദരന്റെ ഭാര്യ പ്രസീത പത്മനാഭനെ വിളിച്ച് അവിടെ താമസിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഓരിയിലെ കുടുംബവീട്ടിൽ വന്ന് താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭാര്യയും മക്കളും തന്റെ പേരിൽ പൊലീസിൽ വ്യാജ പരാതി നൽകിയ കാര്യം ആ സമയം പ്രസീതയെ അറിയിക്കുകയും ചെയ്തിരുന്നു. സംസാരം കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് പത്മനാഭന് പൊള്ളലേറ്റ വിവരം അറിയുന്നത്. മൂന്ന് ദിവസം ആശുപത്രിയിൽ ഉണ്ടായിട്ടും മരണശേഷം പോലും അടോട്ടെ ഭാര്യ മാധവിയും മക്കളായ അശ്വതി, കാർത്തിക, കാർത്തികയുടെ ഭർത്താവ് അനീഷ് എന്നിവരോ മറ്റു ബന്ധുക്കളോ തിരിഞ്ഞുനോക്കിയില്ലെന്നും പത്മനാഭന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യവീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഓരിയിലെ കുടുംബ വീട്ടിൽ കൊണ്ടുവന്നാണ് സംസ്ക്കാര ചടങ്ങുകൾ നടത്തേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഭാര്യക്കും മക്കൾക്കും മരുമകനും പത്മനാഭന്റെ മരണവുമായി ബന്ധമുണ്ടെന്നും സമഗ്ര അന്വേഷണം നടത്തി വിവരങ്ങൾ പുറത്തുകൊണ്ടു വരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.







