കുമ്പളയിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം പാളി; ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് ബസ് ജീവനക്കാർ

കുമ്പള: ടൗണിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം വീണ്ടും പാളി. റോഡ് സിമന്റ് കട്ടയും ബാരിക്കേഡും വച്ച് തടഞ്ഞതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് നാലു വാഹനാപകടങ്ങൾ ഉണ്ടായി. കെഎസ്ആർടിസി ബസ് കാറിലും, മറ്റൊരു ബസ് സ്വകാര്യ മറ്റ് വാഹനങ്ങളിലും ഇടിച്ചു. ഇതോടെ അരമണിക്കൂറോളം കെ എസ് ടി പി റോഡിൽ ഗതാഗതം തടസപ്പെട്ടു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തുള്ള റോഡ് അടച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. വ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്നാണ് പഞ്ചായത്ത് നടപടി കൈക്കൊണ്ടത്. പുതിയ പരിഷ്കരണത്തിൽ ബസ് ഉടമകൾക്ക് അതൃപ്തിയുണ്ട്. ഈ പരിഷ്കരണം ബസ്സുകളുടെ യാത്രാ സമയത്തെ കാര്യമായി ബാധിക്കുമെന്ന് അവർ പരാതിപ്പെടുന്നു. ബസ് സ്റ്റാൻഡ് ഒഴിവാക്കി ബസ് വെയിറ്റിംഗ് ഷെഡുകളിലാണ് ബസ്സുകൾ ഇപ്പോൾ നിർത്തിയിടുന്നത്. ബദിയടുക്ക, സീതാംഗോളി, പെർള, പേരാൽ കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് യാത്രക്കാരെ ഇറക്കിയും കയറ്റിയും പോകണമെന്നാണ് കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
കഴിഞ്ഞ ആറ് മാസമായി കുമ്പളയിൽ ഗതാഗതം സംബന്ധിച്ച് ബസ് ഉടമകളും പഞ്ചായത്ത് തമ്മിൽ തർക്കമുണ്ട്. ബസ് ജീവനക്കാർ പഴയ ബസ് സ്റ്റാൻഡിൽ പോകില്ലെന്ന് വ്യക്തമാക്കിയതിനാൽ പ്രശ്നത്തിന് പരിഹാരമായില്ല. ബസ് ജീവനക്കാർ പഞ്ചായത്തിന്റെ നിർദേശം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് പുതിയ ബസ് ഷെൽട്ടറിന് സമീപത്തെ യൂടേൺ ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇതുകാരണം ബദിയടുക്ക ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് പുതിയ ബസ് ഷെൽട്ടറുകളിലെത്താൻ പഴയ ബസ് സ്റ്റാൻഡ് സർക്കിളിൽ വന്ന് ഒരു കിലോമീറ്റർ ചുറ്റി തിരിച്ചു പോകേണ്ടതുണ്ട്. ബാരിക്കേടുകളും സിമന്റ് കട്ടകളും കൊണ്ട് അടച്ച റോഡ് തുറന്നു കൊടുക്കണം എന്നാണ് ബസ് ജീവനക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. അതിനിടയിലാണ് കോടതി അലക്ഷ്യമായി ട്രാഫിക് പരിഷ്കരണം പഞ്ചായത്ത് അധികൃതർ നടത്തുന്നത്. ഗതാഗത പരിഷ്കരണത്തിൽ വ്യാപാരികൾ മാത്രമാണ് പഞ്ചായത്തിന് പിന്തുണയ്ക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് ബസ് ജീവനക്കാർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page