മുംബൈ: ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ കൈയില്‍ നിന്ന് വിലപിടിപ്പുള്ള വാച്ച് ഊരിയെടുക്കാന്‍ ആരാധകരുടെ ശ്രമം. കാറിലിരുന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. തന്റെ കാറിന്റെ പിന്‍സീറ്റിലിരുന്ന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്യുകയായിരുന്നു രോഹിത്. ഇതിനിടെ രണ്ട് യുവാക്കള്‍ കാറിനടുത്തേക്ക് അതിക്രമിച്ചെത്തി രോഹിത്തിന്റെ കൈകളില്‍ ബലമായി പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിലൊരാള്‍ രോഹിത്തിന്റെ കൈത്തണ്ടയിലുണ്ടായിരുന്ന വാച്ച് അഴിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇതോടെ കൈ പിന്‍വലിച്ച രോഹിത് കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തുകയും വിരല്‍ ചൂണ്ടി ദേഷ്യത്തോടെ യുവാക്കളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. എന്നാല്‍ സംഭവം നടന്നത് എപ്പോഴാണെന്ന് വ്യക്തമല്ല.
രോഹിത് ധരിച്ചിരുന്നത് റോളെക്‌സിന്റെ ‘ജിറാഫെ’ (Rolex Giraffe) മോഡല്‍ വാച്ചാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതിന് 3.25 കോടി രൂപയാണ് വിപണി വില. നിലവില്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുകയാണ് രോഹിത് ശര്‍മ.







